ഇന്ദിരാഗാന്ധിയെ ഹിറ്റ്‌ലറോട് ഉപമിച്ച് കേന്ദ്രമന്ത്രി, ഭയവും ഭീകരതയും സൃഷ്ടിച്ചെന്നും ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തി. അടിയന്തരാവസ്ഥയുടെ നാല്പത്തിമൂന്നാം വാര്‍ഷികദിനത്തില്‍ ട്വീറ്റിലൂടെയാണ് ജെയ്റ്റ്‌ലിയുടെ വിമര്‍ശനം. ‘ഹിറ്റ്‌ലറും മിസിസ് ഗാന്ധിയും ഭരണഘടന ഒരിക്കലും റദ്ദാക്കിയില്ല. അവര്‍ ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് രൂപാന്തരപ്പെടുത്താന്‍ റിപ്പബ്ലിക്കിന്റെ ഭരണഘടന ഉപയോഗിച്ചു’-ജെയ്റ്റ്‌ലി കുറിച്ചു.


‘അടിയന്തരാവസ്ഥക്കാലത്ത് ഭയത്തിന്റെയും ഭീകരതയുടെയും അന്തരീക്ഷമായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനം നിശ്ചലമായി. വിയോജിപ്പ് പ്രകടിപ്പിച്ചവരില്‍ അധികവും പ്രതിപക്ഷത്തുനിന്നുള്ള രാഷ്ട്രീയപ്രവര്‍ത്തകരും ആര്‍ എസ് എസുമായിരുന്നു. അവര്‍ തുടര്‍ച്ചയായി സത്യഗ്രഹങ്ങള്‍ നടത്തി അറസ്റ്റ് വരിച്ചു’.
‘മിസിസ് ഗാന്ധിയുടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം ആര്‍ട്ടിക്കിള്‍ 352ന്റെയും മൗലികാവകാശങ്ങള്‍ റദ്ദ് ചെയ്തത് ആര്‍ട്ടിക്കിള്‍ 359ന്റെയും അടിസ്ഥാനത്തിലായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്ത് അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആരോണപണം. ഇത് ഹിറ്റ്‌ലറുടെ റീഷ്ടാഗ് എപ്പിസോഡിനു സമാനമായിരുന്നു. പാര്‍ലമെന്റിലെ പ്രതിപക്ഷാംഗങ്ങളില്‍ ഭൂരിഭാഗം പേരെയും ഹിറ്റ്‌ലര്‍ അറസ്റ്റ് ചെയ്യുകയും തന്റെ ന്യൂനപക്ഷ സര്‍ക്കാരിനെ ഭൂരിപക്ഷ സര്‍ക്കാരാക്കി മാറ്റുകയും ചെയ്തു.’-ജെയ്റ്റ്‌ലി പറഞ്ഞു.