ഉറുഗ്വേക്ക് ഒരു ഗോള്‍ ജയം, പ്രീക്വാര്‍ട്ടറില്‍

മോസ്‌കോ: ലാറ്റിനമേരിക്കന്‍ രാജ്യമായ ഉറുഗ്വേ സൗദി അറേബ്യയെ ഒരു ഗോളിന് തോല്പിച്ച് ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഇടം നേടി. 23 മിനിറ്റില്‍ നേടിയ ഗോളാണ് ഉറുഗ്വേയെ വിജയിപ്പിച്ചത്. ലൂയിസ് സുവാരസ് എന്ന ഉറുഗ്വേ തുറുപ്പുചീട്ടാണ് ഗോള്‍ നേടിയത്. ഇത് അന്താരാഷ്ട്ര മത്സരങ്ങളിലെ സുവാരസിന്റെ നൂറാം ഗോളാണ്. കഴിഞ്ഞ മൂന്നു ലോകകപ്പുകളിലും ഗോളടിച്ച ആദ്യ ഉറുഗ്വേ താരം എന്ന റെക്കാഡും സുവാരസ് സ്ഥാപിച്ചു.
പ്രീ ക്വാര്‍ട്ടറില്‍ കടന്നെങ്കിലും ആരുമായി കളിക്കണമെന്ന് തീരുമാനിക്കാന്‍ ഗ്രൂപ്പില്‍ ഇനി ഒരു കളി കൂടി ബാക്കിയുണ്ട്. ഗ്രൂപ്പില്‍ ഉറുഗ്വേയുടെ അവസാന മത്സരം റഷ്യയുമായിട്ടാണ്. റഷ്യയുമായി സമനില പിടിച്ചാല്‍ പോലും രണ്ടാം സ്ഥാനമേ ഗ്രൂപ്പില്‍ ലഭിക്കൂ. ജയിച്ചാല്‍ ഒന്നാമതെത്താം.