ആന്ധ്ര സര്‍ക്കാരിന്റെ മികച്ച സഹനടനുള്ള പുരസ്‌ക്കാരം മോഹന്‍ലാലിന്

ആന്ധ്ര സര്‍ക്കാരിന്റെ മികച്ച സഹനടനുള്ള പുരസ്‌ക്കാരം മലയാളത്തിന്റെ സ്വന്തം ലാലേട്ടനെ തേടിയെത്തി. കഴിഞ്ഞ തവണത്തെ നന്ദി ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴാണ് മോഹന്‍ലാല്‍ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് വര്‍ഷത്തെ നന്ദി അവാര്‍ഡുകള്‍ ഒന്നിച്ചാണ് പ്രഖ്യാപിച്ചത്.

ജനത ഗ്യാരേജിലെ അഭിനയത്തിനാണ് മോഹന്‍ലാലിന് പുരസ്‌ക്കാരം. ഈ ചിത്രത്തിലെ നായകവേഷത്തില്‍ അഭിനയിച്ച ജൂനിയര്‍ എന്‍.ടി.ആര്‍ മികച്ച നടനുള്ള പുരസ്‌കാരത്തിനര്‍ഹനായി.

ഇതാദ്യമായാണ് മോഹന്‍ലാലിന് ഒരു പ്രാദേശിക ഭാഷയില്‍ സഹനടനുള്ള അവാര്‍ഡ് ലഭിക്കുന്നത്. ആന്ധ്ര സര്‍ക്കാരിന്റെ നന്ദി അവാര്‍ഡ് ലഭിക്കുന്ന ആദ്യ മലയാള നടന്‍ എന്ന ബഹുമതിയും ഇതോടെ ലാലിന് സ്വന്തമായിരിക്കുകയാണ്.

കോര്‍ത്തല ശിവ സംവിധാനം ചെയ്ത ജനതാ ഗ്യാരേജില്‍ സത്യം എന്ന ശക്തമായ കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്.