ചെമ്പട കുതിച്ചു, സൗദി വിയര്‍ത്തു, റഷ്യയ്ക്ക് അഞ്ചുഗോള്‍ മിന്നും വിജയം

മോസ്‌കോ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ റഷ്യ സൗദി അറേബ്യയെ എകപക്ഷീയമായ അഞ്ചു ഗോളിന് പരാജയപ്പെടുത്തി. ഗ്രൂപ്പ് എ മത്സരത്തില്‍ ലോകകപ്പിലെ ആദ്യ ഗോള്‍ നേടിയത് പന്ത്രണ്ടാമത്തെ മിനിറ്റില്‍ യൂറി ഗാസിന്‍സ്‌കിയാണ്. നാല്പത്തി മൂന്നാം മിനിറ്റില്‍ ഡെനിസ് ചെരിഷേവ് രണ്ടാമത്തെ ഗോള്‍ നേടി. പകരക്കാരനായി ഇറങ്ങിയ ദ്യൂബ എഴുപത്തിയൊന്നാം മിനിറ്റില്‍ മൂന്നാമത്തെ ഗോളും അതിസുന്ദരമായ ഹെഡറിലൂടെ നേടി.

 

നാലാമത്തെ ഗോള്‍ നേടിയത് ഡെന്നിസ് ചെരിഷേവ് തന്നെയാണ്. അഞ്ചാമത്തെ ഗോള്‍ നേടിയത് അലക്‌സാണ്ടര്‍ കൊളോവിന്‍. നിരവധി ഗോള്‍ അവസരങ്ങള്‍ പാഴാക്കുകയും ചെയ്തു റഷ്യക്കാര്‍. സൗദിക്കും മൂന്ന് നല്ല അവസരങ്ങള്‍ കിട്ടിയിട്ടും മുതലാക്കാനായില്ല. ലോകകപ്പിന്റെ ചരിത്രത്തില്‍ കന്നി മത്സരത്തില്‍ ആതിഥേയര്‍ തോറ്റിട്ടില്ല എന്ന റെക്കാഡും തിരുത്തപ്പെട്ടില്ല.

റഷ്യയുടെ ചെമ്പടയുടെ മിന്നല്‍ വേഗത്തിലുള്ള നീക്കങ്ങളില്‍ പലപ്പോഴും സൗദി പതറിപ്പോയി. സൗദി വിയര്‍ത്ത് കളിച്ചു. ഈ മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് റഷ്യയുടെ കൊളോവിനാണ്. രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് സൗദിയുടെ തൈസിര്‍ അല്‍ ജസ്സിമാണ് ചോദിച്ചുവാങ്ങിയത്.

നാലാമത്തെയും അഞ്ചാമത്തെയും ഗോളുകള്‍ പിറന്നത് ഇഞ്ചുറി ടൈമിലായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.