സലാ കളിച്ചേക്കും, ഫാന്‍സിന് ആവേശം

കയ്‌റോ: നാളെ നാളെയാണ് ആ തീരുമാനത്തിന് എല്ലാവരും കാത്തിരിക്കുന്നത്. വെള്ളിയാഴ്ച ഈജിപ്റ്റ് ആദ്യ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ ശക്തികളായ ഉറുഗ്വേയെ നേരിടുമ്പോള്‍ സലാ കളിക്കാനിറങ്ങുമോ എന്നതാണ് ഉറ്റുനോക്കുന്നത്. ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ട് അനുസരിച്ച് സലാ കളിച്ചേക്കും. ഈജിപ്റ്റ് കോച്ച് ഹെക്ടര്‍ കൂപ്പര്‍ പറഞ്ഞത് ‘വലിയ ചാന്‍സ്’ ഉണ്ടെന്നാണ്. എന്നാല്‍, ട്രെയിനിംഗ് സെഷന്‍ തുടങ്ങുന്നതുവരെ തീരുമാനമെടുക്കില്ല. ‘ അദ്ദേഹത്തിന് കളിക്കാനാകുമെന്നു തന്നെയാണ് എന്റെ ശുഭാപ്തിവിശ്വാസം. കളിക്കാന്‍ വലിയ ചാന്‍സുണ്ട്. സലാ പന്തുരുട്ടി പരിശീലിക്കുന്നുണ്ട്. കഴിഞ്ഞദിവസങ്ങളിലെക്കാള്‍ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്.”

സലായ്ക്ക് ഈജിപ്റ്റില്‍ മാത്രമല്ല, ലോകമെമ്പാടും ആരാധകരുണ്ട്. അവരെല്ലാം ഇപ്പോള്‍ ആഹ്ലാദത്തിലാണ്. മെഡിക്കല്‍ ടീം നാളെ റിപ്പോര്‍ട്ട് നല്‍കും. അതനുസരിച്ചായിരിക്കും തീരുമാനം.

ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരെ നടന്ന മത്സരത്തിലാണ് ലിവര്‍പൂള്‍താരത്തിന് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ലെന്നും, രണ്ടാഴ്ചക്കൊണ്ട് താരം പൂര്‍ണ കായികക്ഷമത വീണ്ടെടുക്കുമെന്നും ഈജിപ്റ്റ് കായിക മന്ത്രി ഖലേദ് അബ്ദേല്‍ അസീസ് അറിയിച്ചിരുന്നു. ഈജിപ്റ്റ് ഫുട്‌ബോള്‍ അസോസിയേഷനും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. തോളിന് ഉളുക്ക് മാത്രമാണ് സലായ്ക്കുള്ളത്. അതുക്കൊണ്ട് താരത്തിന് കളിക്കാന്‍ കഴിയുമെന്ന് തന്നെയാണ് പറയുന്നത്.