കാലുറയ്ക്കും മുമ്പേ വരുന്നു കുഞ്ഞന്മാര്‍

മോസ്‌കോ: ഇത്തവണ ഒട്ടേറെ ഇളംപൈതലുകള്‍ ലോകകപ്പ് കളിക്കാന്‍ റഷ്യയിലെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ താരം ഡാനിയല്‍ അര്‍സാനിയാണ് പ്രായം കുറഞ്ഞ കളിക്കാരന്‍. 18 വയസ്സാണ്. 1999ല്‍ ജനിച്ച ഡാനിയല്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറാണ്. ഓസ്‌ട്രേലിയന്‍ ടീമിനു വേണ്ടി രണ്ടുതവണ ക്യാപ് അണിഞ്ഞിട്ടുള്ള ഡാനിയല്‍ ഹംഗറിക്കെതിരെ കഴിഞ്ഞയാഴ്ച ഗോളടിച്ചു.

19കാരനാണ് മൊറോക്കന്‍ ടീമിലെ കുഞ്ഞന്‍. അഷറഫ് ഹക്കിമി. റിയല്‍ മാഡ്രിഡില്‍ ഈ സീസണില്‍ 28 കളി കളിച്ചു. ഒമ്പത് ലീഗ് കളിച്ചു. കഴിഞ്ഞ ഡിസംബറില്‍ സെവില്ലെക്ക് എതിരെ ആദ്യത്തെ ലാലിഗ ഗോള്‍ അടിച്ചു. ഫുള്‍ ബാക്കാണ് പയ്യന്‍.
19കാരനായ ഗോളിയാണ് ഫ്രാന്‍സിസ് ഉഷോഹോ. നൈജീരിയന്‍ കളിക്കാരനാണ്. ലാലിഗയില്‍ ആദ്യമായി കളിച്ച പ്രായം കുറഞ്ഞ വിദേശ ഗോളിയായിരുന്നു ഫ്രാന്‍സിസ്.

ഇംഗ്ലണ്ട് താരം ട്രെന്റ് അലക്‌സാണ്ടര്‍ ആര്‍നോള്‍ഡിനും 19 വയസ്സാണ്. ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനിലെത്തിച്ചതില്‍ വലിയ പങ്ക് വഹിച്ചു. ഇനി വരും വര്‍ഷങ്ങളില്‍ താരമാകാന്‍ തയ്യാറെടുക്കുകയാണ് ട്രെന്റ്.
മറ്റൊരു പത്തൊമ്പതുകാരന്‍ സെനഗലിന്റെ താരം മൗസ വേഗ് ആണ്. റൈറ്റ് ബാക്കാണ്. ഈ സീസണില്‍ 28 കളി കളിച്ചു. സെനഗല്‍ ടീമിലെ മറ്റൊരു 19കാരന്‍ ഇസ്മയില്‍ സാര്‍ ആണ്. 24 ലീഗ് കളികള്‍ക്ക് ബൂട്ടുകെട്ടി. അഞ്ചു ഗോള്‍ അടിച്ചു.
പനാമ ടീമിലും ഒരു പത്തൊമ്പതുകാരനുണ്ട്. ജോസ് ലൂയിസ് റോഡ്രിഗ്‌സ്. മിഡ്ഫീല്‍ഡറാണ്. രാജ്യത്തെ അണ്ടര്‍ 21 ടീമില്‍ കളിച്ചു പരിചയിച്ച ജോസ് ലോകകപ്പ് ടീമില്‍ കന്നിയാണ്. സീനിയര്‍ ടീമിലും കളിച്ചിട്ടുണ്ട്.
കോസ്റ്റാറിക്കയുടെ ഇയാന്‍ സ്മിത്, തെക്കന്‍ കൊറിയയുടെ ലീ സിയുങ് വൂ എന്നിവരും 19 വയസ്സുകാരാണ്.

ഇനി 20 വയസ്സുകാരായ കളിക്കാര്‍:
സെര്‍ബിയയുടെ ലുക്കാ ജോവിക്, ഇംഗ്ലണ്ടിന്റെ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, മെക്‌സിക്കോയുടെ എഡ്‌സന്‍ അല്‍വാരസ്, അമിന്‍ ഹരിത്, മൊറോക്കയുടെ ഹംസ മെന്‍ഡി, സെര്‍ബിയയുടെ നിക്കോള മിലെന്‍കോവ്, ഡെന്മാര്‍ക്കിന്റെ ഡോല്‍ബെര്‍ഗ്, ഉറുഗ്വെയുടെ റോഡ്രിഗോ ബെന്റാംഗര്‍, ടുണീഷ്യയുടെ ബാസം സ്രാഫി, ഐസ് ലാന്‍ഡിന്റെ ആല്‍ബര്‍ട്ട് ഗുമുന്‍ഡ്‌സന്‍ എന്നിവര്‍.