കിളവന്മാര്‍ കൂട്ടത്തോടെ

റഷ്യന്‍ ലോകകപ്പില്‍ എത്ര കിളവന്മാര്‍ കളിക്കുന്നു എന്നറിയുന്നതില്‍ കൗതുകമില്ലേ? മുപ്പതു കഴിഞ്ഞവരെ സ്‌പോര്‍ട്‌സില്‍, പ്രത്യേകിച്ച് വളരെ വേഗവും സ്റ്റാമിനയും വേണ്ട കളിയായ കാല്‍പ്പന്തില്‍ കിളവന്മാരെന്നാണ് കായികശാസ്ത്രം വിലയിരുത്തുന്നു. നമുക്ക് 7 കിളവന്മാരെ പരിചയപ്പെടാം. അതിനു മുമ്പ് 1990ല്‍ നടന്ന ലോകകപ്പില്‍ കാമറൂണിനുവേണ്ടി നാല് ഗോളുകള്‍ നേടിയ റോജര്‍ മില്ലയുടെ അന്നത്തെ പ്രായംകൂടി അറിഞ്ഞോളൂ-38 വയസ്സ്.
റഷ്യന്‍ കപ്പില്‍ മാറ്റുരയ്ക്കാന്‍ വരുന്ന വയസ്സന്മാരില്‍ മുമ്പന്‍ ഈജിപ്റ്റ് താരം എസ്സാം എല്‍-ഹദാരിയാണ്-45 വയസ്സ്. ഈജിപ്റ്റിന്റെ ക്യാപ്റ്റനാണ് കക്ഷി. ഒരു റെക്കാഡ് കൂടി ഉണ്ടാകും എസ്സാം കളത്തിലിറങ്ങിയാല്‍. ഇതുവരെയുള്ള ലോകകപ്പുകളില്‍ കളിക്കുന്ന എറ്റവും പ്രായമേറിയ താരം എന്ന റെക്കാഡ്. മറ്റൊരു രസം എസ്സാമിന്റെ കന്നി ലോകകപ്പാണ് എന്നതാണ്. ആഫ്രിക്ക, എഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ ക്ലബുകളില്‍ കളിച്ചിട്ടുള്ള എസ്സാം ആരിലും കൗതുകം പകരും ഈ വയസ്സില്‍.

” എനിക്ക് 45 വയസ്സായി. പക്ഷേ, നോക്കിക്കോളൂ, അത് വെറുമൊരു നമ്പരായി മാറും. ”- എസ്സാം പറഞ്ഞത് ഇങ്ങനെ.
39 കാരനായ റാഫേല്‍ മാര്‍ക്വിസ് ആണ് പ്രായത്തില്‍ രണ്ടാമന്‍. മെക്‌സിക്കോ കളിക്കാരനാണ്. ഡിഫന്‍ഡറും മിഡ്ഫീല്‍ഡറുമായ റാഫേല്‍ അഞ്ചു ലോകകപ്പുകള്‍ കളിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയന്‍ താരം ടിം കാഹിലിന് പ്രായം 38 ആണ്. ആ രാജ്യത്തിന്റെ ഗോളടി വീരനാണ്. രാജ്യത്തിനു വേണ്ടി അമ്പത് ഗോളുകള്‍ നേടി. ഇതു നാലാം ലോകകപ്പാണ്. ജൂണ്‍ 16ന് ഫ്രാന്‍സിനെതിരെ ഒരു ഗോള്‍ അടിച്ചാല്‍ അത് അമ്പത്തൊന്നാം ഗോളാകും.
38കാരനായ സെര്‍ജി ഇഗ്നാഷേവിച്ച് ആതിഥേയരായ റഷ്യയുടെ താരമാണ്. ഇതു തന്റെ അവസാന ലോകകപ്പാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. മിടുക്കനായ ഡിഫന്‍ഡറാണെങ്കിലും ഹെഡറിലൂടെ ഗോള്‍ നേടുന്നതില്‍ മിടുക്കനാണ്.
അര്‍ജന്റീനന്‍ ഗോളിയായ വില്ലി കാബെല്ലെറോയ്ക്ക് 36 വയസ്സാണ്. 2002ല്‍ സ്വീഡനെതിരെ 68 മിനിറ്റ് കളിച്ചതല്ലാതെ ലോകകപ്പില്‍ പകരക്കാരനായി ഇരുന്നിട്ടേയുള്ളൂ. അതിനര്‍ത്ഥം റഷ്യയിലേത് അദ്ദേഹത്തിന്റെ ആദ്യ കളിയായിരിക്കും. സെര്‍ജിയോ റൊമേരിയോയ്ക്ക് പരിക്കുപറ്റിയതിനാലാണ് കാബെല്ലേറോയ്ക്ക് ചാന്‍സ് ലഭിച്ചത്.
35 കാരനായ ഒലാഫര്‍ ഇന്‍ഗി സ്‌കള്‍സന്‍ ഐസ്ലാന്‍ഡ് കളിക്കാരനാണ്. കഴിഞ്ഞമാര്‍ച്ചില്‍ ഇറ്റലിക്കെതിരെയാണ് ആദ്യ കളി. ഭാഗ്യവാനാണ്. പതിനഞ്ച് വര്‍ഷം മുമ്പ് കളിച്ചതുടങ്ങിയ ഒലാഫര്‍ക്ക് ഐസ്ലാന്‍ഡിന്റെ കന്നി ലോകകപ്പ് കളിക്കാന്‍ അവസരം കിട്ടുകയാണ്. 2001ല്‍ അര്‍സേണല്‍ ക്ലബില്‍ ചേര്‍ന്നെങ്കിലും ഒരു മിനിറ്റ് പോലും കളിക്കാന്‍ സമയം കിട്ടിയിട്ടില്ല.
കോസ്റ്റാറിക്കന്‍ കളിക്കാരനായ പാട്രിക് പെംബേര്‍ട്ടന് 35 വയസ്സാണ്. 2010ല്‍ ജമൈക്കക്കെതിരെയാണ് ആദ്യം കളിക്കാന്‍ ഇറങ്ങിയത്.