ലോകമാമാങ്കത്തിന് ഇന്ന് റഷ്യയിൽ കിക്കോഫ്

മോസ്‌കോ: ഫുട്‌ബോളിന്റെ ലോകമാമാങ്കത്തിന് ഇന്ന് ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് റഷ്യയിലെ മോസ്‌കോയില്‍ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യ സൗദി അറേബ്യയെ നേരിടും. ആതിഥേയരുള്‍പ്പെടെ 32 ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്. മോസ്‌കോ, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, സോച്ചി തുടങ്ങി 11 നഗരങ്ങളിലെ 12 സ്‌റ്റേഡിയങ്ങളിലായാണ് മത്സങ്ങള്‍ അരങ്ങേറുന്നത്. ജൂലൈ 15 നാണ് ഫൈനൽ. ഗ്രൂപ്പ ഘട്ടം മുതല്‍ ഫൈനല്‍ വരെ മൊത്തം 64 മത്സരങ്ങളാണ് നടക്കുന്നത്.

21 ആം ലോകകപ്പിന് ആതിഥ്യം അരുളുന്നതിന് എട്ടുവര്‍ഷം മുന്‍പ് തന്നെ റഷ്യ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ആദ്യമായി ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ലഭിച്ച അവസരം വര്‍ണസുരഭിലമാക്കി, റഷ്യ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ലോകകപ്പ് സമാധാനപരമായി നടത്താന്‍ റഷ്യയ്ക്ക് ആകുമോ എന്ന് നെറ്റി ചുളിച്ചവര്‍ക്ക് സുസ്വാഗതമോതി റഷ്യ അവര്‍ക്കൊക്കെയും മറുപടി നല്‍കിയിരിക്കുന്നു. ഇനിയുള്ള ൩൨ ദിവസം കാത്തിരിപ്പിന്റേതാണ് കാൽപ്പന്തിന്റെ പുതിയ രാജാക്കന്മാരെ കണ്ടെത്താൻ.