ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പരിശീലകനെ പുറത്താക്കി സ്പാനിഷ് ടീം

മാഡ്രിഡ്‌ : ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പരിശീലകന്‍ ജുലെന്‍ ലൊപറ്റേഗിയെ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്താക്കി. ലാ ലിഗ ടീം റയല്‍ മാഡ്രിഡുമായി കഴിഞ്ഞ ദിവസം ലൊപറ്റേഗ് കരാറിലെത്തിയിരുന്നതാണ് ഇത്തരമൊരു നടപടിയിലേക്ക് ഫെഡറേഷനെ നയിച്ചത്.
കളിക്കാരുടെ എതിര്‍പ്പ് അവഗണിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ഇതിന് പിന്നില്‍ കാറ്റലോണിയന്‍ രാഷ്ട്രീയം ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. റയല്‍ മാഡ്രിഡുമായുള്ള കരാര്‍ ടീമിലെ ബാഴ്‌സലോണിയ താരങ്ങളെ അസ്വസ്ഥമാക്കും എന്നത് മുന്‍കൂട്ടി കണ്ടാണ് ഈ പുറത്താക്കല്‍ എന്നും സൂചനയുണ്ട്്. പോര്‍ച്ചുഗലിന് എതിരെ സ്‌പെയിനിന്റെ ആദ്യ മത്സരം വെള്ളിയാഴ്ച നടക്കും.

സിനദിന്‍ സിദാന്‍ രാജിവെച്ച ഒഴിവിലാണ് ലൊപറ്റേഗി റയലിന്റെ പരിശീലകനായത്. ലോകകപ്പിന് ശേഷം സ്ഥാനം ഏറ്റെടുക്കുമെന്നും മൂന്നു വര്‍ഷത്തെ കരാറൊപ്പിട്ട് ലൊപറ്റേഗി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്രയും പ്രധാനപ്പെട്ട ഒരു ടൂര്‍ണമെന്റിനിടെ കരാറൊപ്പിടാന്‍ പോയ ലൊപറ്റേഗിയുടെ നടപടിയെ ന്യായീകരിക്കാനാകില്ലെന്നാണ് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്റെ വാദം.