മാണി കേരളയ്ക്ക് രാജ്യസഭാ സീറ്റ്, കോണ്‍ഗ്രസ് യുവാക്കള്‍ കലാപത്തിന്

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ തലേന്ന് ചിറ്റം കാട്ടി മടങ്ങിവരാന്‍ താല്പര്യം കാണിച്ച കേരളാ കോണ്‍ഗ്രസ് എമ്മിന്‌രാജ്യസഭാ സീറ്റ് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇതിന് അനുമതി നല്‍കി. മുന്നണിയുടെ പൊതു താത്പര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ഇതൊരു പ്രത്യേക കേസായി കണക്കിലെടുത്താണ് സീറ്റ് നല്‍കാന്‍ തീരുമാനിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മാണിയുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ചാണ് തീരുമാനം. വീണ്ടും ഒഴിവുവരുന്ന സീറ്റ് കോണ്‍ഗ്രസിന് ലഭിക്കും. യുഡിഎഫിനെ ശക്തിപ്പെടുത്താനാണ് വിട്ടുവീഴ്ചയെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസനും പറഞ്ഞു. ഒറ്റക്കെട്ടായെടുത്ത തീരുമാനമാണിതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

എന്നാല്‍, കോണ്‍ഗ്രസിലെ ഒരു വിഭാഗവും യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും കലാപത്തിലാണ്. ഇതിലെ പ്രമുഖരായ ചിലര്‍ മാത്രം പരസ്യമായി പ്രതിഷേധിച്ചപ്പോള്‍, പാര്‍ട്ടി അണികള്‍ വലിയ പ്രതിഷേധത്തിലാണ്.