താൻ മാനസിക രോഗിയാണെന്ന് വരുത്തിത്തീര്‍ത്ത് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെവിന്റെ ഭാര്യ നീനു

കോട്ടയം: തനിക്ക് മാനസിക രോഗം ഉണ്ടെന്ന് സ്ഥാപിക്കാനുള്ള നീക്കം പ്രതികള്‍ക്ക് രക്ഷപ്പെടാനാണെന്ന് കെവിന്റെ ഭാര്യ നീനു. തനിക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ല. തന്നെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലും ചികിത്സയ്ക്ക് കൊണ്ടുപോയിട്ടില്ല. ഒരുതവണ കൗണ്‍സിലിങ്ങിന് കൊണ്ടുപോയിട്ടുണ്ട്. അന്ന് വീട്ടിലെ അവസ്ഥകള്‍ പറഞ്ഞപ്പോള്‍ മോള്‍ക്കല്ല മാതാപിതാക്കള്‍ക്കാണ് കൗണ്‍സിലിംഗ് വേണ്ടതെന്നാണ് ഡോക്ടര്‍ പറഞ്ഞത്.

മാതാപിതാക്കള്‍ ഇതിനു മുന്‍പും തന്നെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. തന്നോട് സ്‌നേഹാഭ്യര്‍ത്ഥനയുമായി വന്ന ഒരാളെ അമ്മ മുന്‍പ് മര്‍ദ്ധിച്ചിട്ടുണ്ടെന്നും നീനു വ്യക്തമാക്കി. ട്യൂട്ടോറിയലില്‍ വന്ന് ഒരു പയ്യനെ അമ്മ ചീത്ത വിളിക്കുകയും പിടിച്ചുതള്ളുകയും മറ്റും ചെയ്തിട്ടുണ്ട്.

തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് എന്ത് സംഭവിച്ചാലും തിരിച്ചുപോകില്ല. കെവിന്റെ അച്ഛനുമമ്മയും തന്നോട് ഇവിടുന്ന് പോകാന്‍ പറയുന്നതുവരെ താന്‍ കെവിന്റെ വീട്ടില്‍ തന്നെ തുടരുമെന്നും നീനു പറഞ്ഞു. എന്നാല്‍ അവരൊരിക്കലും അങ്ങനെ പറയില്ലെന്ന് തനിക്കറിയാമെന്നും നീനു കൂട്ടിച്ചേര്‍ത്തു.