നെഹ്‌റു ഇന്നും ഉറങ്ങിയിട്ടില്ല

[author ]ഡോ. പി.വി. കൃഷ്ണന്‍ നായര്‍ (സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി)[/author]ശ്രീബുദ്ധനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ടു മനുഷ്യര്‍ മഹാത്മാഗാന്ധിയും, ജവഹര്‍ലാല്‍ നെഹ്‌റുവുമാണ്. ഗാന്ധിജി ജനിച്ച് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് നെഹ്‌റു ജനിച്ചത്. ഗാന്ധിജി കഴിഞ്ഞാല്‍ ഇന്ത്യന്‍ ജനതയെ ഏറ്റവുമധികം സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത നേതാവ് നെഹ്‌റുവാണ്. ‘ഇന്ത്യ മരിക്കുകയാണെങ്കില്‍ പിന്നെ ആരാണ് ജീവിക്കുക, ഇന്ത്യ ജീവിക്കുകയാണെങ്കില്‍ ആര്‍ മരിക്കും?’ ഇന്ത്യ ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന നെഹ്‌റുവിന്റെ വാക്കുകളാണിവ. 1929-ല്‍ തന്നെ ‘യങ് ഇന്ത്യ’യില്‍ നെഹ്‌റുവിനെക്കുറിച്ച് മഹാത്മജി എഴുതി- ‘ ധൈര്യത്തില്‍ അദ്വീതീയന്‍, ദേശസ്‌നേഹത്തില്‍ അതുല്യന്‍, പളുങ്കുപോലെ പരിശുദ്ധന്‍, സത്യസന്ധ്യതയില്‍ അശങ്കിതന്‍ – അയാളുടെ കയ്യില്‍ രാഷ്ട്രം സുരക്ഷിതമാണ്.’ റോസാപ്പൂവ് തൊട്ട് ഗംഗാനദിവരെ പ്രകൃതിയിലെ എല്ലാ ശോഭന പ്രതിഭാസങ്ങളേയും നെഹ്‌റു ഉള്‍കൊണ്ടും കാളിദാസ കൃതികള്‍ മുതല്‍ റോബര്‍ട്ട് ഫോസ്റ്റിന്റെ കവിതകള്‍ വരെ അദ്ദേഹം സായത്തമാക്കി. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ദാരിദ്ര്യം തുടങ്ങിയ വൈരൂപ്യങ്ങള്‍ മാച്ചുകളഞ്ഞ് അതിനെ ഒരു കമനീയ മനുഷ്യ സമൂഹമാക്കാന്‍ അദ്ദേഹം അവിശ്രമം അധ്വാനിച്ചു. നെഹ്‌റു എഴുതി- ‘ഇന്ത്യയേയും ഇന്ത്യന്‍ ജനതയേയും സര്‍വ്വാത്മനാ സ്‌നേഹിച്ച മനുഷ്യനാണിത്. അടിക്കടി തള്ളിക്കയറി വന്ന് ചുറ്റും വ്യാപിക്കുന്ന ഇന്ത്യയുടെ ആത്മചൈതന്യത്തെ അടിച്ചമര്‍ത്താന്‍ ആര്‍്ക്കും കഴിഞ്ഞില്ല. അവള്‍ പൂരണമാണ്, ആശയമാണ്, സ്വപ്‌നമാണ്. ദര്‍ശനമാണ് എങ്കിലും യാഥാര്‍ത്ഥ്യമാണ്.’

1920 മുതല്‍ 44 വര്‍ഷക്കാലം ജനദൃഷ്ടിയില്‍ സദാ ജവഹര്‍ലാല്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് പല തലങ്ങളുണ്ട്. സ്വാതന്ത്ര്യസമര പോരാളി, രാഷ്ട്രീയക്കാരന്‍, ഭരണകര്‍ത്താവ്, എഴുത്തുകാരന്‍, ദാര്‍ശനികന്‍, ലോകസമാധാന പ്രവര്‍ത്തകന്‍ എന്നിങ്ങിനെ. ഭൗതികശാസ്ത്രവും തത്ത്വശാസ്ത്രവും, സാഹസികതയും സ്വപ്‌നാടനവും, പ്രൗഢിയും പതിതപ്രേമവും ഒന്നിനൊന്ന് ചേര്‍ന്ന് വാര്‍ത്തെടുത്തതായിരുന്നു അദ്ദേഹത്തിന്റെ അന്തകരണം. പാശ്ചാത്യ- പൗരസ്ത്യ സംസ്‌കാരങ്ങളുടെ സമന്വയത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഒന്നായിരുന്നു നെഹ്‌റുവിന്റെ വ്യക്തിത്വം. കറകളഞ്ഞ ദേശീയവാദിയായിരിക്കുന്നതിനോടൊപ്പം ഒരു സാര്‍വ്വ ലൗകിക മനുഷ്യനുമായിരുന്നു നെഹ്‌റു. 1922 നും 1945നുമിടയില്‍ പത്തുവര്‍ഷം അദ്ദേഹം ജയിലില്‍ കിടന്നു. സ്വാതന്ത്ര്യസമരത്തില്‍ നെഹ്‌റുവിന്റെ സ്ഥാനം ഗാന്ധിജിക്ക് തൊട്ടു പിറകിലാണ്. ഇന്ത്യന്‍ ദേശീയ വിപ്ലവത്തിന്റെ തീച്ചൂളയില്‍ വെന്ത് ഉരുകിയ ആത്മാക്കളായിരുന്നു അവര്‍. ദേശീയ സ്വാതന്ത്ര്യസമരത്തിന് ഗാന്ധിജി നൈതികമാനങ്ങള്‍ നല്‍കിയെങ്കില്‍ നെഹ്‌റു ബുദ്ധിപരമായ മാനങ്ങള്‍ നല്‍കി. അവര്‍ രണ്ടുപേരും ഗ്രാമങ്ങളില്‍ സഞ്ചരിച്ച് ബ്രിട്ടീഷ് ഭരണത്തിന്റെയും, ഫ്യൂഡല്‍ വ്യവസ്ഥയുടെയും ക്രൂരമായ കെടുതികള്‍ പേറുന്ന ജനലക്ഷങ്ങളെ കണ്ടു. ഗോപാലകൃഷ്ണ ഗോഖലെയായിരുന്നു ഗാന്ധിജിയെ ഗ്രാമങ്ങളിലേക്ക് പോകാന്‍ ഉപദേശിച്ചതെങ്കില്‍, ഗാന്ധിജിയായിരുന്നു നെഹ്‌റുവിന് ഇന്ത്യയെ കണ്ടെത്താന്‍ പ്രേരണ നല്‍കിയത്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയുടെ പുനര്‍നിര്‍മ്മാണത്തില്‍ നെഹ്‌റു മുഴുകി. അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ ഇങ്ങനെയായിരുന്നു. ഒന്ന്: ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാവണം. രണ്ട്: ആ ജനാധിപത്യം മതനിരപേക്ഷമാവണം. മൂന്ന്: സയന്‍സിന്റെയും പ്ലാനിങ്ങിന്റെയും ഫലമായി ഇവിടെ ഐശ്വര്യമുണ്ടാവണം. നാല്: ഉച്ചനീചത്വങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. ‘ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ എന്ന നെഹ്‌റുവിന്റെ സ്വാതന്ത്ര്യദിന പ്രഭാഷണം വിശ്വവിഖ്യാതമാണ്. ആ പ്രഭാഷണം ചെന്നു നില്‍ക്കുന്നത് ഇന്ത്യാ വിഭജനത്തിലുള്ള ദുഃഖത്തിലാണ്. വിഭജനത്തില്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്ന പ്രവണത കാണാറുണ്ട്. എന്നാല്‍ നെഹ്‌റു ഏതു പരിതസ്ഥിതിയിലും ജനാധിപത്യമൂല്യങ്ങളെ മാനിച്ചിരുന്നുവെന്നതാണ് സത്യം. ആഗസ്റ്റ് 14-ാം തീയതി ഇന്ത്യാ വിഭജനക്കാര്യം ചര്‍ച്ച ചെയ്യാന്‍ എ.ഐ.സി.സി. യോഗം ചേര്‍ന്നു. 157 പേര്‍ വിഭജനത്തിന് അനുകൂലമായും 29 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു. 23 പേര്‍ യോഗത്തില്‍ ഹാജരുണ്ടായിരുന്നില്ല.

മന്ത്രിസഭയുണ്ടാക്കുമ്പോഴും നെഹ്‌റു എല്ലാവരെയും ഉള്‍ക്കൊണ്ടിരുന്നു. ആദ്യത്തെ മന്ത്രിസഭയില്‍ 15 മന്ത്രിമാരാണ് ഉണ്ടായിരുന്നത്. അതില്‍ 6 പേര്‍ കോണ്‍ഗ്രസുകാരായിരുന്നില്ല. ശ്യാമപ്രസാദ് മുഖര്‍ജി, ബി.ആര്‍. അംബേദ്കര്‍, സര്‍ദാര്‍ ബലദേവ് സിങ്, ജോണ്‍ മത്തായി, സി.എച്ച്. ഭാഭ, ആര്‍.കെ. ഷണ്‍മുഖം ചെട്ടി. അംബേദ്കറും, ശ്യാമപ്രസാദ് മുഖര്‍ജിയും, ഷണ്‍മുഖം ചെട്ടിയും കടുത്ത കോണ്‍ഗ്രസ് വിരോധികളായിരുന്നു. ആ അഭിപ്രായ വ്യത്യാസങ്ങള്‍ അറിഞ്ഞും അംഗീകരിച്ചും തന്നെയായിരുന്നു അവരെ മന്ത്രിസഭയില്‍ നെഹ്‌റു ഉള്‍ക്കൊള്ളിച്ചത്. ഭരണഘടന ഉണ്ടാക്കുമ്പോള്‍ ആ സമിതിയുടെ ചെയര്‍മാനായി നിയോഗിച്ചത് അംബേദ്കറെയായിരുന്നു. ഡിസംബര്‍ 1946 മുതല്‍ ഡിസംബര്‍ 1949 വരെ മൂന്നുവര്‍ഷം നിരന്തരമായി സൂക്ഷ്മമായ ചര്‍ച്ചയിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയായ ഇന്ത്യയുടെ ഭരണഘടന രൂപം കൊണ്ടത്. നീതി, സാഹോദര്യം, മതേതരത്വം, സമത്വം, സ്വാതന്ത്ര്യം മുതലായ ആദര്‍ശങ്ങള്‍ നക്ഷത്രങ്ങളെപ്പോലെ പരിഭ്രമണം ചെയ്യുന്ന ക്ഷീരപഥം എന്ന് ഈ ഭരണഘടന വാഴ്ത്തപ്പെട്ടിട്ടുണ്ട്.

165 ദിവസം ചര്‍ച്ച ചെയ്തു 11 വന്‍ വാള്യങ്ങളില്‍ അത് ആവിഷ്‌കരിച്ചു. ഓരോ വാള്യവും ആയിരത്തിലേറെ പേജുകള്‍ ഉള്ളവ. മുന്നൂറിലേറെ പ്രഗത്ഭര്‍ നിയമപാണ്ഡിത്യത്തോടെ, ജനാധിപത്യബോധത്തോടെ, നൈതികമൂല്യങ്ങളോടെ, നടത്തിയ ചര്‍ച്ചയില്‍ നെഹ്‌റു, പട്ടേല്‍, ശരത് ബോസ്, രാജേന്ദ്ര പ്രസാദ്, അംബേദ്കര്‍, കെ.എം. മുന്‍ഷി, എന്‍.ജി. രങ്ക, എച്ച് വി. കമ്മത്ത്, ബി.എന്‍.റാവു, ടി. പ്രകാശം, മഹാവീരത്യാഗി, കെ. ഹനുമന്തയ്യ, കെ. സന്താനം, ആര്‍.കെ. ചൗധരി, എച്ച്.ജെ. ഖണ്ഡേകര്‍, ജയ്പാല്‍, എ.വി. താക്കര്‍, ടി.ടി. കൃഷ്ണമാചാരി തുടങ്ങി ജീവിതത്തിന്റെ വിവിധ രംഗങ്ങളിലുള്ള അതിപ്രഗത്ഭരുണ്ടായിരുന്നു. അസംബ്ലി പരിപാടികള്‍ അവസാനിക്കുന്നതിന് തലേന്ന് 25 നവംബര്‍ 1949 ന് ഡോ. ബി.ആര്‍. അംബേദ്കര്‍ കോണ്‍ഗ്രസിന്റെ സഹിഷ്ണുതയാര്‍ന്ന നല്ല സമീപനത്തിന് സമൃദ്ധമായി നന്ദി പ്രകടിപ്പിച്ചു എന്നതു ശ്രദ്ധേയമാണ്.

ഇന്ത്യക്ക് ജനാധിപത്യവും, മതേതരത്വവും ബഹുസ്വരതയും, വിശാലമായ ലോകബോധവും നല്‍കിയത് ജവഹര്‍ലാല്‍ നെഹ്‌റുവാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറ ആദര്‍ശത്തിലും, പ്രയോഗത്തിലും അദ്ദേഹം കെട്ടിപ്പടുത്തു. ജനാധിപത്യ അവബോധമുള്ള നാന്നൂറ് ശതലക്ഷം പൗരന്മാരാണ് താന്‍ ഇന്ത്യക്ക് പ്രധാനം ചെയ്യുന്ന പൈതൃകമെന്ന് നെഹ്‌റു പറയുകയുണ്ടായി. അദ്ദേഹം ജനാധിപത്യ പെരുമാറ്റ രീതികള്‍ വളര്‍ത്തുകയും പാര്‍ലമെന്ററി സമ്പ്രദായത്തോട് ആദരവ് സൃഷ്ടിക്കുകയും ഭരണഘടനാവ്യവസ്ഥയില്‍ വിശ്വാസമുളവാക്കുകയും ചെയ്തു. നെഹ്‌റുവിനെകുറിച്ച് ഗ്രന്ഥങ്ങള്‍ രചിച്ച മൈക്കല്‍ ബ്രച്ചര്‍ എസ്. ഗോപാല്‍, ബി.ആര്‍. നന്ദ, എം.ജെ. അക്ബര്‍, റഫീക്ക് സക്കറിയ, ഫ്രാങ്ക് മൊറേയ്‌സ്, ദുര്‍ഗ്ഗാദാസ്, ശശി തരൂര്‍ എന്നിവരെയും നെഹ്‌റുവിന്റെ ജനാധിപത്യ ബോധത്തെ വാഴ്ത്തുന്നുണ്ട്. നെഹ്‌റുവിന്റെ ജനാധിപത്യത്തിലുള്ള വിശ്വാസത്തിന്റെ പ്രഖ്യാപനമാണ് പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ 1952 ല്‍ നടത്തിയ തെരഞ്ഞെടുപ്പ്. 1950 മാര്‍ച്ചില്‍ നെഹ്‌റു ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച് ഐസിഎസ് നേടിയ ബംഗാളിലെ ചീഫ് സെക്രട്ടറി സുകുമാര്‍ സെന്നിനെ ഒന്നാമത്തെ ഇലക്ഷന്‍ കമ്മീഷണറായി നിയമിച്ചു. 176 ദശലക്ഷം വോട്ടര്‍മാര്‍, അവരില്‍ 85 ശതമാനവും എഴുതാനോ വായിക്കാനോ അറിയാത്തവര്‍. നിയമസഭയിലും പാര്‍ലമെന്റിലുമായി 4500 സീറ്റ്. 2,24,000 പോളിങ് ബൂത്തുകള്‍, 56,000 പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍. ഇരുപത്തൊന്ന് വയസ്സായ എല്ലാ സ്ത്രീപുരുഷന്മാര്‍ക്കും വോട്ടവകാശം. ലോകരാഷ്ട്രങ്ങള്‍ അത്ഭുതത്തോടെയാണ് അത് വീക്ഷിച്ചത്. 60 ശതമാനം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി.

ഫിലിം, റേഡിയോ എന്നിവ വഴിയാണ് ജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കിയത്. മൂവായിരത്തിലേറെ സിനിമകള്‍ തെരഞ്ഞെടുപ്പ് വിവരങ്ങളും നല്‍കി എന്നാണ് കണക്ക്. നെഹ്‌റു തന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിലൂടെ ജനങ്ങള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസവും ജനാധിപത്യ മൂല്യങ്ങളും പകര്‍ന്നു നല്‍കി. ഒമ്പത് ആഴ്ച നെഹ്‌റു ഭാരതത്തിന്റെ ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ സഞ്ചരിച്ച് പ്രസംഗിച്ചു. ഇരുപത്തി അയ്യായിരം മൈല്‍ അദ്ദേഹം സഞ്ചരിച്ചു. 18000 മൈല്‍ വിമാനത്തില്‍ 5200, കാറില്‍, 1600 തീവണ്ടിയില്‍, 90 മൈല്‍ ബോട്ടില്‍. ആദ്യപ്രഭാഷണം ലുധിയാനയില്‍. രണ്ടാം പ്രഭാഷണം ഡല്‍ഹിയില്‍ അങ്ങിനെ ഒരു ജൈത്രയാത്ര. 1957 ലും ഇത് ആവര്‍ത്തിച്ചു. ജനസഞ്ചയത്തിന്റെ സ്‌നേഹം ഇത്രയും ലഭിച്ച ഒരു ഭരണാധികാരി ലോകചരിത്രത്തിലില്ല. ദിവസവും 16 മണിക്കൂര്‍ നെഹ്‌റു ജോലി ചെയ്തു. ശാസ്ത്രം, ടെക്‌നോളജി, ആറ്റം ശക്തി, പഞ്ചവത്സരപദ്ധതികള്‍, അന്താരാഷ്ട്ര നിലവാരമുള്ള ഗവേഷണശാലകള്‍- ഇതെല്ലാം ഇന്ത്യയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചതിന്റെ പിറകില്‍ നെഹ്‌റുവിന്റെ ദര്‍ശനവും കര്‍മ്മപ്രവണതയുമുണ്ട്. പൊതുമേഖലയും നിയന്ത്രിത വ്യവസായവത്കരണവും അടിസ്ഥാന നീതികളായ മിശ്രസമ്പദ് വ്യവസ്ഥക്ക് ഇന്ത്യയില്‍ അടിത്തറ പാകിയത് നെഹ്‌റുവിന്റെ കാലത്താണ്.

തുഷാര ശേഖരങ്ങളായ തുംഗപര്‍വതങ്ങളെയും തൂമന്ദഹാസം പൊഴിയ്ക്കുന്ന കൊച്ചുകുട്ടികളെയും, തുള്ളിക്കളിക്കുന്ന ഗോത്രവര്‍ഗ്ഗക്കാരെയും, കളങ്കവും കൃത്രിമവും ഇല്ലാത്ത കൃഷീവല ലക്ഷങ്ങളെയും ആത്മാര്‍ത്ഥമായി സ്‌നേഹിച്ച നെ്ഹറു ജനാധിപത്യത്തോടൊപ്പം ഇന്ത്യയ്ക്ക് നല്‍കിയ മഹത്തായ സംഭാവന മതേതരത്വമാണ്. എന്നാല്‍ ഇന്ന് ഏറ്റവും പരിക്കേറ്റിട്ടുള്ളത് ആ രണ്ട് മൂല്യങ്ങള്‍ക്കുമാണ്. വെറുപ്പിന്റെയല്ല, കോര്‍പ്പറേറ്റ് സവാര്‍ക്കറിസത്തിന്റെയല്ല. വിശാലമായ മാനവമൈത്രിയുടെയും പ്രകൃതി സ്‌നേഹത്തിന്റെയും വിശ്വാസപ്രമാണമാണ് നെഹ്രു ഇന്ത്യക്ക് നല്‍കിയത്. നെഹ്‌റുവിന്റെ രണ്ടാം ഒസ്യത്തായ റോബര്‍ട്ട് ഫോസ്റ്റിന്റെ വരികള്‍ ഓര്‍ത്തുകൊണ്ട് നമുക്ക് വിശ്വസിക്കാം- നെഹ്‌റു ഉറങ്ങിയിട്ടില്ല.