കോഴിക്കോട്ട് നഴ്‌സിങ് വിദ്യാര്‍ത്ഥിനിക്ക് നിപ്പ സ്ഥിരീകരിച്ചു

കോഴിക്കോട്: രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനിക്ക് നിപ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ നിപ വൈറസ് ബാധിച്ചവരുടെ എണ്ണം 15 -ആയി. പെണ്‍കുട്ടി പഠിക്കുന്ന സ്ഥാപനം, സ്വദേശം എന്നീ വിവരങ്ങളൊന്നും ആരോഗ്യവകുപ്പ് പുറത്ത് വിട്ടിട്ടില്ല.

നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മേയ് 31 വരെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുപരിപാടികളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. യോഗങ്ങള്‍, ഉദ്ഘടനങ്ങള്‍, ജാഗ്രത പരിപാടികള്‍ എന്നിവ നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ യു.വി ജോസ് ആണ് നിര്‍ദ്ദേശം നല്‍കിയത്. മെയ-31 വരെ ട്യൂഷനുകള്‍, പരിശീലന ക്ലാസ്സുകള്‍ എന്നിവ നടത്തുന്നതിനും വിലക്കുണ്ട്. കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റിയിട്ടുണ്ട്.

നിപ്പാ വൈറസ് ബാധ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോഴും ഇന്ന് ഒരു മരണം കൂടി സംഭവിച്ചിരുന്നു. മറ്റ് പലരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടക്കം നിരീക്ഷണത്തിലുമാണ്. വൈറസ് ബാധയുണ്ടായി ദിവസങ്ങളായിട്ടും ഇതിന്റെ ഉറവിടം എവിടെ നിന്നാണെന്നതിനെക്കുറിച്ച് വിവരവും ലഭിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തിലാണ് അടിയന്തര നടപടി.