കര്‍ണാടകത്തില്‍ എച്ച്.ഡി കുമാരസ്വാമിക്കൊപ്പം ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്യും.

ബെംഗളൂരു: കര്‍ണാടകത്തില്‍ എച്ച്.ഡി കുമാരസ്വാമിക്കൊപ്പം ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വരയും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയടക്കം 12 മന്ത്രിമാരാവും ജെ.ഡി.എസിനുണ്ടാവുക. 34 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 22 മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കും.

കോണ്‍ഗ്രസിലെ കെ.ആര്‍ രമേഷ് കുമാര്‍ സ്പീക്കറാവും. മന്ത്രിസഭ വിപുലീകരണം സംബന്ധിച്ച തീരുമാനങ്ങള്‍ എടുത്തുകഴിഞ്ഞുവെന്നും കോണ്‍ഗ്രസുമായി ഭിന്നതകള്‍ ഒന്നുമില്ലെന്നും നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും വെള്ളിയാഴ്ച തിരഞ്ഞെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനത്തിനുള്ള വേദിയാകുമെന്നാണ് സൂചനകള്‍. ചടങ്ങില്‍ പങ്കെടുക്കാന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു ബെംഗളൂരുവിലെത്തിക്കഴിഞ്ഞു. രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും അടക്കമുള്ള നേതാക്കളെയെല്ലാം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്

ബംഗാള്‍ മുഖ്യന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും എസ് പി നേതാവുമായ അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ്, രാഷ്ട്രീയ ലോക് ദള്‍ നേതാവ് അജിത് സിംഗ്, ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്‍, ബിഎസ്പി നേതാവ് മായാവതി, മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുക്കും