ലോകത്ത് പത്തില്‍ ഒന്‍പതുപേരും വായുമലിനീകരണത്തിന്റെ ഇരകള്‍

ജനീവ: വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (WHO) പുറത്തു വിട്ട ഡാറ്റ പ്രകാരം, ലോകത്തെ പത്തില്‍ ഒന്‍പത് ആളുകള്‍ വായുമലിനീകരണത്തിന്റ്റെ ദോഷഫലങ്ങള്‍ അനുഭവിക്കുന്നു. വീട്ടിനകത്തും പുറത്തും ഉള്ള വായുമലിനീകരണം കാരണം ലോകത്ത് ഒരു വര്‍ഷം ഏകദേശം എഴുപതുലക്ഷം ആളുകള്‍ മരിക്കുന്നു .വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഇന്നലെ പുറത്തുവിട്ട പ്രസ്സ് റിലീസിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍.
മലിനമായ അന്തരീക്ഷ വായുവിലുള്ള, നേര്‍ത്ത മാലിന്യകണങ്ങള്‍ ആളുകളുടെ ശ്വാസകോശത്തിലേക്കും രക്ത ധമനികളിലേക്കും ആഴ്ന്നിറങ്ങി, ഹൃദയാഘാതം, ശ്വാസകോശ കാന്‍സര്‍, കഠിനമായ ശ്വാസതടസ്സം, മറ്റ് ശ്വാസകോശ രോഗങ്ങള്‍, ന്യൂമോണിയ തുടങ്ങി മരണകാരണമാവുന്ന രോഗങ്ങള്‍ ഉണ്ടാക്കുന്നു.

‘വായുമലിനീകരണം എല്ലാവര്‍ക്കും ഭീഷണിയാണ്, എന്നാല്‍ ഇതിന്റ്റെ മാരകഫലങ്ങള്‍ കൂടുതലും അനുഭവിക്കുന്നത് തീരെ നിര്‍ധനരായവരും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുമാണ്’-വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍, ഡോ. റ്റെഡ്‌റോസ് അധനോം ഗെബ്രിയേസസ് പറയുന്നു. വായുമലിനീകരണം മൂലമുള്ള മരണം തൊണ്ണൂറു ശതമാനവും സംഭവിക്കുന്നത് ലോകത്തിലെ താഴ്ന്ന വരുമാനക്കാരുള്ള രാജ്യങ്ങളിലാണ്. ലോകജനസംഖ്യയുടെ നാല്‍പതു ശതമാനത്തോളം, അതായത് ഏതാണ്ട് മുന്നൂറു കോടി ആളുകള്‍ക്ക് ആധുനിക രീതിയിലുള്ള പാചക ഇന്ധനം ഇപ്പോഴും പ്രാപ്യമല്ല. വീട്ടിനുള്ളിലെ വായുമലിനീകരണത്തിന്റെ പ്രധാന കാരണം ഇതാണ്.

വീടുകളിലെ അശാസ്ത്രീയമായ ഇന്ധന ഉപയോഗം, വ്യവസായം, കൃഷി, ട്രാന്‍സ്‌പോര്‍ട് വിഭാഗങ്ങള്‍, മണല്‍പ്പൊടി, മരുഭൂമിയില്‍ നിന്നുള്ള പൊടിക്കാറ്റ്, മാലിന്യം കത്തിക്കല്‍, വനനശീകരണം, കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ തുടങ്ങിയവയാണ് വായുമലിനീകരണത്തിന്റ്റെ പ്രധാന സ്രോതസ്സുകള്‍.

പല രാജ്യങ്ങളും വായുവിലെ മലിന കണങ്ങളുടെ അംശം കുറക്കുന്നതിനും അതിലൂടെ വായുമലിനീകരണത്തിനു തടയിടാനും ശ്രമിക്കുന്നുണ്ട്. ഉദാഹരണമായി ഇന്ത്യയില്‍, കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ദാരിദ്ര്യരേഖക്ക് താഴെയുള്ള മുപ്പത്തിയേഴു ദശലക്ഷം സ്ത്രീകള്‍ക്ക് എല്‍.പി ജി കണക്ഷന്‍ സൗജന്യമായി നല്‍കി. രണ്ടായിരത്തി ഇരുപത്തിയഞ്ചാം വര്‍ഷത്തോടെ വാഹനപുകമലിനീകരണം തടയാനുള്ള നിയമം കൊണ്ടുവരാനും,പ ുകയില്ലാത്ത ബസ്സുകള്‍ നിരത്തിലിറക്കാനും, സ്വകാര്യ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനും മെക്‌സിക്കോ സിറ്റി അധികൃതര്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്.

(വാര്‍ത്ത തയ്യാറാക്കിയത്: പി.ശ്രീകുമാര്‍)