ഇംപീച്ച്‌മെന്റ് തള്ളല്‍: രാജ്യസഭാധ്യക്ഷനെതിരേ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്

ഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരേയുള്ള ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടിക്കെതിരേ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചേക്കും.

‘പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് വെങ്കയ്യനായിഡു തള്ളിയത്. ഇത് നിയമവിരുദ്ധവും കീഴ്‌വഴക്കമില്ലാത്തതുമാണ്. ഇതിനെതിരേ തീര്‍ച്ചയായും സുപ്രീംകോടതിയെ സമീപിക്കും’, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ പറഞ്ഞു.

എം.പിമാര്‍ നല്‍കിയ പ്രമേയം പ്രാഥമികാന്വേഷണം പോലും നടത്താതെ തള്ളുന്നത് ഇന്ത്യാ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണ്. നടപടി നിയമ സംവിധാനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുന്നതും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്നും കബില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

ജനാധിപത്യ നിഷേധകരും, ജനാധിപത്യ സംരക്ഷകരും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് നേരത്തെ കോണ്‍ഗ്രസ് മാധ്യമ വക്താവ് രണ്‍ദീപ് സര്‍ജീവാലയും നടപടിയെ വിമര്‍ശിച്ചിരുന്നു.