പുതിയ കെപിസിസി പ്രസിഡന്‍റ് ഉടനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്‍റ് ഉടനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുല്‍‌ തീരുമാനം അറിയിച്ചത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് പ്രഖ്യാപനം വേണോ എന്ന കാര്യം രാഹുല്‍ തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കും മുൻപ് ബൂത്ത് കമ്മിറ്റികൾ പുനസംഘടിപ്പിക്കുകയാണ് വേണ്ടതെന്ന് കെ. മുരളീധരൻ എംഎല്‍എ. ഈ ബൂത്ത് കമ്മിറ്റികളുമായി തെരഞ്ഞെടുപ്പിനെ നേരിട്ടാൽ കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും. കെപിസിസി അധ്യക്ഷനാകാൻ തനിക്ക് താൽപര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം, ചിലരുടെ ആഗ്രഹങ്ങളാണ് പേരുകളായി ഉയരുന്നത് എന്ന് എം.എം.ഹസ്സന്‍ പ്രതികരിച്ചു. കെപിസിസി പ്രസിഡന്‍റിന്‍റേതായി ഉയര്‍ന്ന് കേള്‍ക്കുന്ന പേരുകള്‍ ഏതാനും പേരുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളുമാണെന്ന് എം.എം.ഹസ്സന്‍ പറഞ്ഞു. ഗ്രൂപ്പിനതീതമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്നും ഹസ്സന്‍ പറഞ്ഞു.