കഠുവ സംഭവത്തില്‍ ചിത്രം വരച്ച് പ്രതിഷേധിച്ച ദുര്‍ഗമാലതിയുടെ വീടിനു നേരെ കല്ലേറ്

പാലക്കാട്: കഠുവ സംഭവത്തില്‍ ചിത്രം വരച്ച് പ്രതിഷേധിച്ച ദുര്‍ഗമാലതിയുടെ വീടിനു നേരെ കല്ലേറ്. തൃത്താല പറക്കുളത്തുള്ള വീടിന്റെ പല ഭാഗങ്ങളും മുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പിന്റെ ചില്ലുകളും തകര്‍ത്തു. രാത്രി 12 മണിയോടെയായിരുന്നു സംഭവം.


ഹൈന്ദവ ബിംബങ്ങളെ അപമാനിച്ചെന്നാരോപിച്ച് ഒരു വിഭാഗം ദുര്‍ഗയെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. കൊന്നുകളയുമെന്ന് ദുര്‍ഗയ്ക്ക് സന്ദേശം ലഭിച്ചിരുന്നു. എന്നാല്‍ ഭീഷണിപ്പെടുത്തിയാല്‍ നിലപാടില്‍നിന്ന് പിന്നോട്ടുപോകും എന്ന് ആരും കരുതേണ്ടതില്ല എന്ന് ദുര്‍ഗ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഹൈന്ദവ ചിഹ്നത്തിനൊപ്പം ചോരപൊടിഞ്ഞിരിക്കുന്ന പുരുഷ ലിംഗത്തിന്റേയും ചിത്രമാണ് ദുര്‍ഗ വരച്ചത്. സംഘപരിവാറിന്റെ ക്രൂരതയെ തികച്ചും വ്യക്തമായി തുറന്നുകാട്ടുന്ന ചിത്രം ഉടന്‍ പിന്‍വലിക്കണമെന്നാണ് സംഘ അനുകൂലികളുടെ ആവശ്യം. ലിംഗം കൊണ്ട് ചിന്തിക്കുന്നവര്‍.. ലിംഗം കൊണ്ട് രാഷ്ട്രീയം പറയുന്നവര്‍.. ലിംഗം കൊണ്ട് പ്രാര്‍ത്ഥിക്കുന്നവര്‍.. അവരുടേതും കൂടിയാണു ഭാരതം.. ഇങ്ങനെ പോയാല്‍ അവരുടെ മാത്രമാകും.. ഈ വരികളോടൊപ്പമാണ് ദുര്‍ഗ താന്‍ വരച്ച ചിത്രവും കൂടി ചേര്‍ത്തിട്ടുള്ളത്.