പ്രതികള്‍ക്ക് നേരെ മൂന്നാം മുറ പ്രയോഗിക്കുന്നവരെ പിരിച്ചുവിടണമെന്ന് ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: പ്രതികള്‍ക്ക് നേരെ മൂന്നാം മുറ പ്രയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കുറച്ചുപേരുടെ മോശം പെരുമാറ്റം പോലീസ് സേനയ്ക്കാകെ കളങ്കമുണ്ടാക്കുന്നു. മോശം സ്വഭാവക്കാരെ പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു.

മോശമായി പെരുമാറുന്ന പോലീസുകാരെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. പരിശീലനം നല്‍കിയിട്ടും മാറ്റമില്ലെങ്കില്‍ കര്‍ശന നടപടിസ്വീകരിക്കുകയാണ് വേണ്ടതെന്നും ഡിജിപി പറഞ്ഞു.

പോലീസുകാരുടെ പ്രവര്‍ത്തനങ്ങളില്‍ ഐജിമാരും എസ് പിമാരും പ്രത്യേക ശ്രദ്ധ നല്‍കണം എന്നും ഡിജിപി കര്‍ശന നിര്‍ദേശം നല്‍കി. സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. പോലീസ് സ്റ്റേഷനിലെ പി.ആര്‍.ഒ സംവിധാനം ശക്തിപ്പെടുത്തണമെന്നും ഡിജിപി പറഞ്ഞു.

ക്രമസമാധാന ചുമതലയുള്ള എസ് പിമാര്‍,എഡിജിപിമാര്‍, ഐജിമാര്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു ഡിജിപിയുടെ നിര്‍ദേശങ്ങള്‍.