അമിത്ഷായ്‌ക്കെതിരെ അന്വേഷണമില്ല.ജസ്റ്റിസ് ലോയയുടെ മരണം:ഹർജികൾ സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ജസ്റ്റിസ് ബി എച്ച്‌ ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന്‌ സുപ്രീം കോടതി.
ലോയയുടെ ദുരൂഹമരണത്തിൽ സുപ്രീംകോതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അഞ്ച്‌ ഹർജികൾ തളളിയാണ്‌ ഉത്തരവ്‌.

പൊതു താല്‍പ്പര്യ ഹര്‍ജികള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യരുതെന്ന് കോടതി വ്യക്തമാക്കി. മരണത്തില്‍ സംശയിക്കേണ്ടതായി ഒന്നുമില്ലെന്നും കോടതി വ്യക്തമാക്കി. നാലുജഡ്‌ജിമാരുടെ മൊഴി അവിശ്വസിക്കേണ്ട കാര്യമില്ല. ഗൂഢലക്ഷ്യങ്ങളുള്ള ഹർജികൾ നിരുത്സാഹപ്പെടുത്തണം. ഹർജിക്കാർ ജുഡീഷ്യറിയെ സംശയത്തിന്റെ നിഴലിലാക്കാൻ ശ്രമിച്ചുവെന്നും കോടതി ചൂണ്ടികാട്ടി.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്‌ പരിഗണിക്കുന്നതിനിടയിൽ 2014 ഡിസംബറില്‍ നാഗ്‌‌പൂരില്‍ വെച്ചാണ് ജസ്റ്റിസ് ലോയ ദുരൂഹമായി മരിച്ചത്.

ജസ്റ്റിസ് ലോയയുടെ മരണം ദുരൂഹമാണെന്നും സുപ്രീംകോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള അഞ്ച്‌ ഹർജികളാണ്‌ സമർപ്പിച്ചിരുന്നത്‌.

മാധ്യമ പ്രവര്‍ത്തകര്‍ ബി എസ് ലോണ്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ തെഹ്സീന്‍ പൂനവാല എന്നിവരാണ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

ലോയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ അപാകതയും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സാന്നിധ്യവും ലോയയുടെ ബന്ധുകളില്‍ സംശയം ഉളവാക്കുകയായിരുന്നു. സൊഹ്‌റാബുദ്ധീന്‍ കേസില്‍ അമിത് ഷായ്ക്ക് അനുകൂലമായ വിധി നേടുന്നതിനായി 100 കോടി രൂപ ലോയയ്ക്ക് വാഗ്ദാനം ലഭിച്ചിരുന്നതായി ബന്ധുകള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ വാഗ്ദാനം നിരസിച്ച ലോയ ദിവസങ്ങള്‍ക്കുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു.