വരാപ്പുഴ കസ്റ്റഡി മരണകേസില്‍ അറസ്റ്റിലായ ആര്‍.ടി.എഫ്.ഉദ്യോഗസ്ഥരുടെ നിര്‍ണായക വെളിപ്പെടുത്തല്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണകേസില്‍ അറസ്റ്റിലായ ആര്‍.ടി.എഫ്.ഉദ്യോഗസ്ഥരുടെ നിര്‍ണായക വെളിപ്പെടുത്തല്‍. കേസില്‍ തങ്ങളെ ബലിയാടാക്കുന്നുവെന്നും വ്യക്തമായ ഗൂഢാലോചന നടക്കുന്നുവെന്നും അറസ്റ്റിലായ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, സുമേഷ് എന്നീ ആര്‍.ടി.എഫ് ഉദ്യോഗസ്ഥരുടേതാണ് പോലീസിനെതിരെ ഗുരതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന വീഡിയോ.

നുണ പരിശോധനയ്ക്ക് ഞങ്ങള്‍ തയ്യാറാണ്. കോടതിയെ മാത്രമെ വിശ്വാസമുള്ളൂ. ഞങ്ങളെ ബലിയാടാക്കി യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ശ്രീജിത്തിന്റെ കുടുംബത്തിനൊപ്പം തങ്ങള്‍ക്കും നീതി ലഭിക്കണമെന്നും സന്ദേശത്തില്‍ പരാമര്‍ശിക്കുന്നു.

കൈയിലുള്ള വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ജോലിയോടുള്ള ആത്മാര്‍ഥയുള്ളതിനാലാണ്. മേലുദ്യോഗസ്ഥരില്‍ നിന്ന് ഇതിന് അഭിനന്ദനവും ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ആര്‍.ടി.എഫുകാര്‍ പറയുന്നു. അറസ്റ്റിലാകുന്നതിന് മുമ്പ് ചിത്രീകരിച്ചതാണ് വീഡിയോയിലാണ് ഇവർ ഇത് പറയുന്നത്.

ഏഴോളം വീടുകളില്‍ പരിശോധന നടത്തിയതിന് ശേഷമാണ് ശ്രീജിത്തിന്റെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുന്നത്. ശ്രീജിത്തിന്റെ അമ്മയും ഭാര്യയുമാണ് തങ്ങള്‍ക്കൊപ്പം ശ്രീജിത്തിനെ വിട്ടതെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. സംഭവത്തില്‍ നുണപരിശോധന നടത്തണമെന്ന് ആര്‍.ടി.എഫുകാരുടെ ബന്ധുക്കളും ആവശ്യപ്പെട്ടു. ആരുടെയൊക്കെയോ മുഖം രക്ഷിക്കുന്നതിന് വേണ്ടിയാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പറവൂര്‍ സിഐയുടെ നിര്‍ദേശ പ്രകാരമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസുകാര്‍ക്ക് കൈമാറിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.