യാത്രക്കാരിയുടെ ഫോൺ കോൾ വൈറലായി; കെ.എസ്.ആർ.ടി.സി ബസ് തിരിച്ചെത്തി

കോഴിക്കോട്: ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്ന് ആലുവയിലേക്ക് കൊണ്ടുപോയ കെ.എസ്.ആര്‍.ടി.സി ബസ് തിരിച്ചുകൊടുക്കാന്‍ എം.ഡിയുടെ നിര്‍ദേശം. കെ.എസ്.ആര്‍.ടി.സിയിലെ ഒരുദ്യോഗസ്ഥനുമായുള്ള യാത്രക്കാരിയുടെ ഫോണിലൂടെയുള്ള അപേക്ഷ സമൂഹ മാധ്യമങ്ങളിലൂടെ പടര്‍ന്നതോടെയാണ് അധികൃതരുടെ ഈ നടപടി.

ആര്‍.എസ്.സി 140 എന്ന വാഹനം ആലുവയിലേക്ക് മാറ്റിയതെന്താണെന്ന് ചോദിച്ചാണ് യാത്രക്കാരി സംസാരം ആരംഭിക്കുന്നത്. ബസില്‍ എന്നും യാത്ര ചെയ്യുന്നയാളാണെന്നാണ് ഇവര്‍ പരിചയപ്പെടുത്തുന്നത്. ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു അത്. പകരം തന്ന ബസ് ആര്‍ക്ക് വേണമെന്നും യാത്രക്കാരി ചോദിക്കുന്നു. ഡ്രൈവറേയും കണ്ടക്ടറേയുമൊന്നും മാറ്റിയത് പ്രശ്‌നമല്ല, വണ്ടിയാണ് വേണ്ടത്. വേറെ ഡിപ്പോയിലെ വാഹനം കൊണ്ടുവരാന്‍ മാത്രം ആലുവ ഡിപ്പോയില്‍ അത്രയ്ക്ക് ദാരിദ്ര്യമാണോ എന്നും അവര്‍ ചോദിക്കുന്നുണ്ട്.

ഈരാറ്റുപേട്ട-കോട്ടയം-കട്ടപ്പന റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ഈ വാഹനം ആലുവയിലേക്ക് കൊടുത്തു എന്ന് പറഞ്ഞുകൊണ്ട് പ്രദേശത്തെ ഒരു കണ്ടക്ടറിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടിയിരുന്നു. തുടര്‍ന്നാണ് യാത്രക്കാരിയായ ബിരുദ വിദ്യാര്‍ത്ഥിനി ആലുവ ഡിപ്പോയിലേക്ക് ഫോണ്‍ ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ട പുതിയ എം.ഡി ടോമിന്‍ തച്ചങ്കരി ബസ് തിരികെ കൊണ്ടുവരാന്‍ ഉത്തരവിറക്കുകയായിരുന്നു. അതേസമയം ബസ് കണ്ണൂര്‍ ഡിപ്പോയിലേക്ക് മാറ്റിയിരുന്നു.

ബസ് കൊണ്ടുവരാനായി ഈരാറ്റുപേട്ട ഡിപ്പോയിലെ ജീവനക്കാര്‍ തിങ്കളാഴ്ച വൈകിട്ട് കണ്ണൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.