ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ അത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് സുപ്രീംകോടതി

ഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ അത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് സുപ്രീംകോടതി. കേംബ്രിജ് അനലിറ്റിക്ക ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി യുഎസ് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ആശങ്ക പങ്കുവെച്ചത്.

ചോര്‍ന്ന വിവരങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ഫലത്തെ മാറ്റിമറിക്കാന്‍ സാധിച്ചേക്കാമെന്നതാണ് യഥാര്‍ഥ ആശങ്കയെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ആധാറുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിലെ അംഗമാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ ജനാധിപത്യം അതിനെ അതിജീവിക്കുന്നതെങ്ങിനെയെന്നും ഡി.വൈ. ചന്ദ്രചൂഡ് ആരാഞ്ഞു.

ആധാര്‍ വിവരങ്ങള്‍ സംരക്ഷിക്കാന്‍ നിയമമില്ലാത്ത സാഹചര്യത്തില്‍ അതിന്റെ സുരക്ഷിതത്വം എങ്ങനെ ഉറപ്പുവരുത്തുമെന്നും അദ്ദേഹം ചോദിച്ചു. പ്രശ്‌നം വെറും ലക്ഷണമായല്ല യാഥാര്‍ഥ്യമായി തന്നെ കാണണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം 130 കോടിയോളം വരുന്ന ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ അത് ദുപുപയോഗം ചെയ്യപ്പടുമോ എന്ന് കഴിഞ്ഞ ആഴ്ച കോടതി ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി (യുഐഎഡിഐ) യോട് ആരാഞ്ഞിരുന്നു. എന്നാല്‍ ആധാര്‍ ഡേറ്റ എന്നത് ആറ്റംബോംബല്ല എന്നതായിരുന്നു അതിന് യുഐഎഡിഐ മറുപടി നല്‍കിയത്.