ബാങ്കിങ് സംവിധാനത്തെ തകർത്തത് പ്രധാനമന്ത്രി: രാഹുൽ ഗാന്ധി

ഡൽഹി: രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തകർത്തതാണ് ഇപ്പോഴത്തെ നോട്ടുക്ഷാമത്തിനു കാരണമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സമീപകാലത്തുണ്ടായ ബാങ്കിങ് തട്ടിപ്പുകളിൽ ഉൾപ്പെടെ മോദി നിശബ്ദത പാലിക്കുന്നതിനെയും രാഹുൽ വിമർശിച്ചു. തന്റെ മണ്ഡലമായ അമേഠിയിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.

ആന്ധ്രയിലും തെലങ്കാനയിലും പണമില്ല; ‘കടം’ കൊടുക്കുന്നത് കേരളം ഉൾപ്പെടെയുള്ളവർ
‘നോട്ടുനിരോധനത്തിലൂടെ രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ മോദി തകർത്തിരിക്കുന്നു. അതിനിടെ 30,000 കോടി രൂപയുമായി നീരവ് മോദി മുങ്ങിയതിനെക്കുറിച്ച് അദ്ദേഹം ഒന്നും മിണ്ടുന്നുമില്ല. രാജ്യത്തെ ജനങ്ങളുടെ പോക്കറ്റില്‍ നിന്ന് 500, 1000 രൂപ നോട്ടുകൾ തട്ടിപ്പറിച്ച് നീരവിന്റെ പോക്കറ്റിലിട്ടു കൊടുക്കുകയാണു പ്രധാനമന്ത്രി ചെയ്തത്’– രാഹുൽ വിമർശിച്ചു.

രാജ്യത്തെ ബാധിച്ചിരിക്കുന്ന പല വിഷയങ്ങളിലും തന്നോടു സംവാദത്തിനു തയാറാകാതെ പേടിച്ചോടുകയാണു മോദിയെന്നും രാഹുൽ പറഞ്ഞു. ‘പ്രധാനമന്ത്രിക്കു പാർലമെന്റിൽ വന്നു നിൽക്കാൻ ഭയമാണ്. റഫാൽ ഇടപാട്, നീരവ് മോദി വിഷയങ്ങളിൽ 15 മിനിറ്റു നേരമെങ്കിലും സംവാദത്തിനു തയാറാൽ മോദി പാർലമെന്റിൽ എണീറ്റു നിൽക്കാൻ പോലും പറ്റാത്ത വിധത്തിലായിപ്പോകുമെന്നും രാഹുൽ വിമർശിച്ചു.

ആന്ധ്രപ്രദേശ്, തെലങ്കാന, ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രാവിലെ മുതൽ പല എടിഎമ്മുകളിലും നോട്ടുക്ഷാമം അനുഭവപ്പെടുന്നതായാണു റിപ്പോർട്ടുകൾ.