എയര്‍ ഇന്ത്യ വിൽക്കുന്നത് ഇന്ത്യൻ കമ്പനിയ്ക്ക് തന്നെയാവണമെന്ന് മോഹന്‍ ഭാഗവത്ത്

മുംബൈ: എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ഒരു ഇന്ത്യക്കാരനോ ഇന്ത്യന്‍ കമ്പനിക്കോ മാത്രമേ എയര്‍ ഇന്ത്യയെ കൈമാറാവൂ എന്ന അഭിപ്രായവുമായി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്ത് രംഗത്ത്. ‘ആകാശത്തിന്റെ’ അധികാരവും നിയന്ത്രണവും നഷ് ടപ്പെടുന്നതിനെതിരെ അദ്ദേഹം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

നല്ല രീതിയില്‍ നടത്താന്‍ കഴിയുന്നവര്‍ക്ക് വേണം എയര്‍ ഇന്ത്യ കൈമാറാന്‍. പക്ഷേ പുതിയ നടത്തിപ്പുകാരന്‍ തീര്‍ച്ചയായും ഒരു ഇന്ത്യന്‍ കമ്പനി തന്നെയായിരിക്കണം-മോഹന്‍ ഭാഗവത്ത് പറയുന്നു. മുംബൈയില്‍ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. ലോകത്ത് ഒരു രാജ്യത്തും അവരുടെ ദേശീയ വിമാന കമ്പനിയില്‍ 49 ശതമാനത്തില്‍ കൂടുതല്‍ ഓഹരിപങ്കാളിത്തം വിദേശ നിക്ഷേപകര്‍ക്ക് നല്‍കിയിട്ടില്ല. ജര്‍മ്മനിയില്‍ വിദേശ പങ്കാളിത്തം 29 ശതമാനം മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്.

കടബാധ്യത വസ്തുതയാണെങ്കിലും 30 ആഗോള വിമാനത്താവളങ്ങളില്‍ ഇറങ്ങാനുള്ള ലൈസന്‍സും പരിശീലനം സിദ്ധിച്ച ജീവനക്കാരും എയര്‍ ഇന്ത്യക്കുണ്ട് എന്നത് മറക്കരുത്. എയര്‍ ഇന്ത്യയുടെ നടത്തിപ്പ് ശരിയായ രീതിയിലായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ സ്വകാര്യമേഖലയ്ക്ക നല്‍കാനുള്ള വിജ്ഞാപനമാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

പൂര്‍ണമായും കാഷ്‌ലെസ്സാകുക എന്നത് പ്രായോഗികമല്ലെന്ന് അദ്ദേഹം സാമ്പത്തികകാര്യങ്ങളില്‍ ഊന്നിക്കൊണ്ട് ഭാഗവത്ത് പറഞ്ഞു. വിനിമയത്തിന് തീര്‍ച്ചയായും നിശ്ചിത തുക നോട്ടുതന്നെ വേണം. ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കുന്നവരായിരിക്കും നിങ്ങളൊക്കെ, പക്ഷേ എല്ലാവര്‍ക്കും അത് സാധിക്കണമെന്നില്ലെന്ന് ചടങ്ങില്‍ സന്നിഹിതരായിരുന്നവരോടായി അദ്ദേഹം പറഞ്ഞു