റേഡിയോ ജോക്കിയുടെ കൊലപാതകം: സാത്താന്‍ അപ്പുണ്ണി പിടിയിൽ

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി മടവൂര്‍ സ്വദേശി രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളായ സാത്താന്‍ അപ്പുണ്ണി എന്ന അപ്പുണ്ണി പോലീസ് കസ്റ്റഡിയിലായി. കേസിലെ മൂന്നാം പ്രതിയാണ് അപ്പുണ്ണി.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരില്‍ ഒരാളാണ് അപ്പുണ്ണി. കായംകുളത്ത് നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചെന്നൈയിലടക്കം ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ആലപ്പുഴ ഭാഗത്തുള്ള സുഹൃത്തായ സ്ത്രീയുടെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. ഇതിനിടെ ചിക്കന്‍ പോക്‌സ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടാനെത്തിയപ്പോഴാണ് പോലീസിന്റെ വലയിലാകുന്നതെന്നാണ് സുചന.

കേസിലെ പ്രതികളില്‍ മിക്കവരും കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായിരുന്നു. മുഖ്യപ്രതി അലിഭായി എന്ന് വിളിക്കുന്ന മുഹമ്മദ് താലിഫിനെ ഖത്തറില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചാണ് അറസ്റ്റ് ചെയ്തത്.