ഡോ. മേരി റെജിയുടെ മരണം: ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ചികിത്സക്കിടെ ഡോ. മേരി റെജി മരിച്ചതിൽ ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. വീണ്ടും രോഗം ബാധിച്ച മേരി റെജി ഗുരുതരാവസ്ഥയിലായിരുന്നുവെന്ന റിപ്പോര്‍ട്ട് ആരോഗ്യ സെക്രട്ടറിക്ക് കൈമാറി.

മരണത്തിൽ ആര്‍സിസിക്ക് വീഴ്ച പറ്റിയെന്ന് ഡോ മേരി റെജിയുടെ ഭർത്താവ് ആരോപിച്ചിരുന്നു. ആർസിസിയില്‍ ചികിത്സ തേടിയ വനിതാ ഡോക്ടര്‍, ചികില്‍സാ പിഴവ് മൂലം മരിച്ചെന്ന് ഡോക്ടറായ ഭർത്താവിന്റെ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ,ആർസിസി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ആദ്യം ബാധിച്ച അർബുദം ചികില്‍സിച്ചു ഭേദമാക്കിയ ശേഷം വയറിലെ പ്ലീഹയിൽ രോഗ ബാധ കണ്ടെത്തിയതിനെ തുടർന്ന് ആർസിസിയിൽ ചികില്‍സ തേടിയ ഡോ മേരി റെജിക്കാണ് മരണം സംഭവിച്ചത് . ശസ്ത്രക്രിയ മുതല്‍ പിഴവ് സംഭവിച്ചെന്നാണ് ഭര്‍ത്താവും റാസൽഖൈമയില്‍ ഫിസിഷ്യനുമായി ഡോ.റെജി ജേക്കബ് ആരോപിച്ചത് . പലവട്ടം ആവശ്യപ്പെട്ടിട്ടും വിദഗ്ധ ചികില്‍സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ല . മറ്റെങ്ങോട്ടെങ്കിലും റഫര്‍ ചെയ്യാനും വൈകി . ഒടുവിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നായിരുന്നു ആരോപണം.