ദിലീപിനു വിദേശത്തു പോകാം; താൽക്കാലിക അനുമതി നൽകി കോടതി

കൊച്ചി:യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിൽ ജാമ്യം ലഭിച്ച പ്രതി നടൻ ദിലീപിനു വിദേശത്തു പോവാൻ കോടതിയുടെ താൽക്കാലിക അനുമതി. ദിലീപിന്റെ പുതിയ സിനിമയുടെ പ്രചാരണ പരിപാടികൾക്കു വേണ്ടി ഈ മാസം 25 മുതൽ മേയ് നാലു വരെ ദുബായ്, സിംഗപ്പൂർ എന്നിവിടങ്ങൾ സന്ദർശിക്കാനാണു ഹർജി പരിഗണിച്ച അഡീ.സെഷൻസ് കോടതി അനുവാദം നൽകിയത്.

നടിയെ തട്ടിക്കൊണ്ടു പോയി അപകീർത്തികരമായ ചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസാണു ദിലീപിനെതിരെ നിലനിൽക്കുന്നത്. കേസിന്റെ വിചാരണ പൂർത്തിയാവും വരെ കോടതിയുടെ അനുവാദം ഇല്ലാതെ ദിലീപ് വിദേശത്തേക്കു പോവാതിരിക്കാൻ പാസ്പോർട്ട് തടഞ്ഞുവച്ച ശേഷമാണു ജാമ്യം അനുവദിച്ചിരുന്നത്.

കേസിൽ ജാമ്യം ലഭിച്ച ശേഷം രണ്ടാം തവണയാണു വിദേശയാത്ര നടത്താൻ ദിലീപ് കോടതിയുടെ അനുവാദം ചോദിക്കുന്നത്. കേസിൽ ജാമ്യം ലഭിച്ച അഭിഭാഷകർ അടക്കമുള്ള പ്രതികളുടെ പാസ്പോർട്ടുകളും കോടതി തടഞ്ഞിട്ടുണ്ട്.
;കേസിന്റെ വിചാരണ നടപടികൾക്കു വേണ്ടി മേയ് 21നാണു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.