നീലകുറിഞ്ഞി ഉദ്യാനത്തില്‍ മന്ത്രിസഭ രണ്ടുതട്ടില്‍; ഉത്തരവില്‍ മാറ്റം പിന്നീട്‌

തിരുവനന്തപുരം∙ മൂന്നാറിലെ നീലക്കുറിഞ്ഞി ദേശീയോദ്യാനവുമായി ബന്ധപ്പെട്ടു നിവേദിത പി. ഹരൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇറക്കിയ ഉത്തരവിൽ മാറ്റം വരുത്താനുള്ള നിർദേശം മന്ത്രിസഭ മാറ്റിവച്ചു. നീലക്കുറിഞ്ഞി ഉദ്യാന പരിധിയിലുള്ള പ്രദേശത്തെ മരം മുറിക്കുന്നത് അടക്കം ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്ന ചില കാര്യങ്ങളിൽ മാറ്റം വരുത്താനുള്ള നിർദേശമാണു നടപ്പാക്കേണ്ടത്.

ഇക്കാര്യം മന്ത്രിസഭയുടെ അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ യോഗത്തിൽ പങ്കെടുക്കാതിരുന്ന സാഹചര്യത്തിലാണു തീരുമാനം നീട്ടിയത്. 24നു ചേരുന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ച ചെയ്യാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

മന്ത്രി ഇ. ചന്ദ്രശേഖരനു പുറമേ വനം മന്ത്രി കെ. രാജു, ഇടുക്കി ജില്ലയിൽ നിന്നുള്ള മന്ത്രി എം.എം. മണി എന്നിവർ നേരത്തെ നീലക്കുറിഞ്ഞി ഉദ്യാന പ്രദേശം സന്ദർശിച്ചിരുന്നു. ഇവർ മൂന്നു പേരും  പ്രത്യേക റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്കു നൽകി. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഏകീകരിച്ച റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. നിവേദിത പി. ഹരൻ റിപ്പോർട്ടിനെ തുടർന്നു നടപ്പാക്കിയ കാര്യങ്ങളിൽ മാറ്റം വരുത്തുന്നത് ഈ റിപ്പോർട്ടിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇനി ഇതു മന്ത്രിസഭ അംഗീകരിച്ച് ഉത്തരവിറക്കണം.

വിജിലൻസ് ആൻഡ് ആന്റി കറപ്്ഷൻ ബ്യൂറോയിലെ അഡീഷനൽ ലീഗൽ അഡ്വൈസർ തസ്തികയിലേക്കുള്ള നിയമനം പിഎസ്‌സിക്കു വിടാനുള്ള നിർദേശവും മന്ത്രിസഭാ യോഗം തീരുമാനം എടുക്കാതെ മാറ്റിവച്ചു. വിജിലൻസ് അഡീഷനൽ ലീഗൽ അഡ്വൈസർ തസ്തികയിലേക്കുള്ള  നിയമനം ഇപ്പോൾ ആഭ്യന്തര വകുപ്പാണു നടത്തുന്നത്. ഇതു പലപ്പോഴും രാഷ്ട്രീയാടിസ്ഥാനത്തിലാണ്.