കഠുവ കേസ്: ജമ്മു കശ്മീര്‍ സര്‍ക്കാരിന് നോട്ടീസ്

ഡല്‍ഹി: കഠുവയില്‍ എട്ട് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസ് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ ഹര്‍ജിയില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന്  സുപ്രീം കോടതി നോട്ടീസ്  നോട്ടീസ് അയച്ചു.

പിതാവിന്റെ ആവശ്യം സബന്ധിച്ച് സംസ്ഥാനസര്‍ക്കാരിന്റെ അഭിപ്രായം അറിയിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഏപ്രില്‍ 27ന് അകം മറുപടി നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കും പെണ്‍കുട്ടിക്കായി ഹാജരാകുന്ന അഭിഭാഷകയ്ക്കും പോലീസ് സംരക്ഷണം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേസ് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് അഭിഭാഷകയായ അനൂജ കപൂര്‍ വഴിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. തങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി പെണ്‍കുട്ടിക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് റാവത്ത് നല്‍കിയ ഹര്‍ജിയും ഇന്ന് കോടതി പരിഗണിച്ചിരുന്നു.

ഇതിനിടെ, കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചെങ്കിലും കേസ് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന ഹര്‍ജിയുമായി കുട്ടിയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തില്‍ വാദം കേള്‍ക്കുന്നത് ഏപ്രില്‍ 28ലേക്ക് മാറ്റി. കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കും.

അതിനിടെ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി സഞ്ജി റാമിന്റെ മകള്‍ രംഗത്തെത്തി. കേസിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇത് ബലാത്സംഗക്കേസല്ല, കൊലപാതക കേസാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസിന്റെ നടത്തിപ്പിനായി രണ്ട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

കേസന്വേഷിച്ച ക്രൈംബ്രാഞ്ച് റെക്കോര്‍ഡ് വേഗത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബേക്കെര്‍വാള്‍ സമൂഹത്തില്‍ പെടുന്നവരെ പ്രദേശത്തുനിന്ന് ആട്ടിയോടിക്കുന്നതിന്റെ ഭാഗമായാണ് കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കഴിഞ്ഞ ജനുവരിയിലാണ് പെണ്‍കുട്ടി ക്രൂരമായ പീഢനത്തിനൊടുവില്‍ കൊല്ലപ്പെടുന്നത്.