ഈ വർഷം രാജ്യത്ത് സാധാരണപോലെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഡല്‍ഹി: ഇത്തവണ രാജ്യത്ത് സാധാരണപോലെ മഴ ലഭിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തവണ ശരാശരി 97 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നതെന്നും ഡയറക്ടര്‍ കെ.ജെ രമേഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇത്തവണ സ്ഥായിയായ മണ്‍സൂണ്‍ മഴയായിരിക്കും ലഭിക്കുക. മേഖല തിരിച്ചുള്ള മഴയുടെ വിവരങ്ങളും മണ്‍സൂണ്‍ എന്ന് ആരംഭിക്കുമെന്നതു സംബന്ധിച്ചുള്ള പ്രവചനവും പിന്നീട് ഉണ്ടാവുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

2017ല്‍ 96 ശതമാനം മണ്‍സൂണ്‍ മഴ ലഭിക്കുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 97 ശതമാനമാണ് കഴിഞ്ഞ തവണ ശരാശരി മഴ ലഭിച്ചത്. വടക്കുകിഴക്കേ ഇന്ത്യയില്‍ 95 ശതമാനവും വടക്കുപടിഞ്ഞാറേ ഇന്ത്യയില്‍ 89 ശതമാനവും മധ്യ ഇന്ത്യയില്‍ 106 ശതമാനവും ദക്ഷിണേന്ത്യയില്‍ 92 ശതമാനവുമായിരുന്നു കഴിഞ്ഞതവണത്തെ ശരാശരി മഴ.