19കാരൻ വ്യാജ ഡോക്ടറായി എയിംസിനെ പറ്റിച്ചത് അഞ്ച് മാസം

ഡല്‍ഹി: 19 കാരനായ യുവാവ് വ്യാജ ഡോക്ടറായി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനെ കബളിപ്പിച്ചത് അഞ്ച് മാസത്തോളം.

അദ്നാന്‍ ഖുറം എന്ന 19 കാരനെ അറസ്റ്റു ചെയ്ത ഡല്‍ഹി പോലീസ് യുവാവിന് വൈദ്യശാസ്ത്രത്തിലുള്ള അറിവ് മനസിലാക്കിയപ്പോള്‍ ഞെട്ടിയെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വ്യാജ പേരില്‍ ഇയാള്‍ എയിംസിലെ ഡിപ്പാര്‍ട്ട്മെന്റിലും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും സുഹൃത്തുക്കളെ സൃഷ്ടിച്ചെടുത്തു. ഡോക്ടര്‍മാക്ക് വേണ്ടിയുള്ള പരിപാടികളും ഡോക്ടര്‍മാരുടെ സമരത്തിലും അടക്കം യുവാവ് സജീവ സാനിധ്യമായിരുന്നു.

എയിംസിലെ എല്ലാ ഡിപ്പാര്‍ട്ട്മെന്റ് മേധാവികളുടെ പേരുകളും യുവാവിന് മനപ്പാഠമാണ്. അദ്നാന്‍ വ്യാജ ഡോക്ടറായതിന്റെ ഉദ്ദേശം ഇപ്പോഴും വ്യക്തമല്ല. ഇയാള്‍ ഇടയ്ക്കിടെ മൊഴിമാറ്റിപ്പറയുന്നുവെന്നാണ് പോലീസ് പറയുന്നത്. കുടുംബാംഗങ്ങളുടെ ചികിത്സയ്ക്ക് പണമുണ്ടാക്കാനാണ് വ്യാജ ഡോക്ടറായതെന്നും ഡോക്ടര്‍മാരുമായി അടുത്ത് ഇടപഴകാന്‍ മാത്രമാണ് നാടകം കളിച്ചതെന്നും യുവാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സ്‌തെതസ്‌കോപ് അണിഞ്ഞുകൊണ്ടുള്ള ചിത്രം അദ്നാന്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഇയാള്‍ അതിലൂടെയാണ് ഡോക്ടര്‍മാരെ പരിചയപ്പെടുന്നത്.

ബിഹാര്‍ സ്വദേശിയാണ് യുവാവ്. എയിംസില്‍ ഏകദേശം 2000 ത്തോളം ഡോക്ടര്‍മാരുണ്ട്. അതുകൊണ്ടുതന്നെ പരസ്പരം തിരിച്ചറിയുകയെന്നത് ഡോക്ടര്‍മാര്‍ക്ക് വളരെ പ്രയാസമാണ്. ഈ സാഹചര്യമാണ് അദ്നാന്‍ മുതലെടുത്തത്.