ഡോക്ടര്‍മാരുടെ സമരത്തിനിടെ ചികിത്സ കിട്ടാതെ ആദിവാസി സ്ത്രീ മരിച്ചെന്ന് പരാതി

Beautiful silver stethoscope with reflection and blue tint

മാനന്തവാടി: ഡോക്ടര്‍മാരുടെ സമരത്തിനിടെ വയനാട്ടില്‍ ആദിവാസി സ്ത്രീ ചികിത്സകിട്ടാതെ മരിച്ചുവെന്ന് പരാതി. താന്നിയാട് വെണ്ണമറ്റ കോളനിയിലെ ചപ്പ (61) യാണ് മരിച്ചത്. പനിബാധിച്ച് അവശനിലയില്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിയ ചപ്പയെ കിടത്തി ചികിത്സിക്കാന്‍ തയ്യാറാകാതെ മരുന്നു നല്‍കി മടക്കിയയച്ചുവെന്നാണ് പരാതി.

തിങ്കളാഴ്ച രാവിലെ 9.30 ഓടെ ചപ്പയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കിടക്കാന്‍ ബെഡ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഡ്യൂട്ടി ഡോക്ടര്‍ വീട്ടിലേക്കയച്ചു എന്നാണ് പരാതി. മരുന്ന് കഴിച്ചിട്ടും അസുഖം കുറഞ്ഞില്ലെങ്കില്‍ വീണ്ടും ആസ്പത്രിയിലെത്തണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. തിരികെ വീട്ടിലെത്തിയതിന് പിന്നാലെ ചപ്പ കുഴഞ്ഞുവീണു. വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് 61കാരി മരിച്ചത്.

ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്നാണ് സ്ത്രീ മരിച്ചതെന്നാരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ സമരം നടക്കുന്നതിനിടെയാണോ ആദിവാസി സ്ത്രീയെ ചികിത്സ നല്‍കാതെ തിരിച്ചയച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല.