ഇന്നത്തെ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നില്ലെന്ന് മുസ്ലീം ലീഗ്

കോഴിക്കോട്:ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണങ്ങളെ തള്ളി മുസ്ലീംലീഗ്. കത്വ വിഷയത്തില്‍ സമാധാനപരമായ പ്രതിഷേധത്തിനാണ് മുസ്ലീലീഗ് മുന്നിട്ടിറങ്ങിയതെന്നും ഇന്നത്തെ ഹര്‍ത്താലിനെ ലീഗ് പിന്തുണയ്ക്കില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ക്വതയിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ വേണ്ട എല്ലാ സഹായങ്ങളും ലീഗ് നല്‍കുന്നുണ്ട്. കശ്മീരിന് പുറത്ത് വച്ച് കേസിന്‍റെ വിചാരണ നടത്തണമെന്ന കുടുംബത്തിന്‍റെ ആവശ്യം മുന്‍നിര്‍ത്തി സുപ്രീംകോടതിയില്‍ പോവുന്നതിനെക്കുറിച്ചും ലീഗ് ആലോച്ചിക്കുന്നണ്ടെന്നും മജീദ് വ്യക്തമാക്കി.

ഈ വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന സമാധാനപരവും ഒറ്റക്കെട്ടായുമുള്ള പ്രതിഷേധങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇന്നത്തെ ഹര്‍ത്താല്‍ ആഹ്വാനം. ഇന്നത്തെ ഹര്‍ത്താലുമായി ലീഗിന് ഒരു ബന്ധവുമില്ല. ഹര്‍ത്താലിന് ലീഗിന്‍റെ പിന്തുണയുണ്ടെന്നത് വ്യാജവാര്‍ത്തയാണ് മജീദ് അറിയിച്ചു.