പലയിടങ്ങളിലും അക്രമം; കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറ്; വ്യാജ ഹര്‍ത്താല്‍ പൊടിപൊടിക്കുന്നു

കോഴിക്കോട്: കഠുവയില്‍ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചെന്ന തരത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ മലബാറിനെ ഹര്‍ത്താല്‍ പ്രതീതിയിലെത്തിച്ചു. പലയിടങ്ങളിലും അക്രമങ്ങള്‍ നടന്നു. കാസര്‍ഗോഡ് കെ.എസ്.ആര്‍.ടി.സി ബസിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണീ സംഭവം.

കണ്ണൂരില്‍ പോലീസ് പ്രതിഷേധക്കാര്‍ക്കുനേരെ ലാത്തി വീശി. 15 ഹര്‍ത്താലനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്തവരെ എത്തിച്ച കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഒരുവിഭാഗം ആളുകള്‍ തള്ളിക്കയറി.കടകള്‍ അടഞ്ഞുകിടക്കുകയാണ്. കുറച്ച് വാഹനങ്ങളേ നിരത്തിലിറങ്ങിയിട്ടുള്ളൂ.

മലപ്പുറം തിരൂരില്‍ ഹര്‍ത്താലനുകൂലികള്‍ക്കുനേരെ പോലീസ് ലാത്തിവീശി. വള്ളുവമ്പ്രം, കോട്ടയ്ക്കല്‍, തലപ്പാറ തുടങ്ങിയ ഇടങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസുകളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞു. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ല. മിക്ക കടകളും അടഞ്ഞുകിടക്കുകയാണ്.

കൊണ്ടോട്ടിയില്‍ പ്രതിഷേധക്കാര്‍ പ്രകടനം നടത്തി. പരപ്പനങ്ങാടിയില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് വാഹനഗതാഗതം മുടക്കി. ഇവിടെ പോലീസ് ഹര്‍ത്താലനുകൂലികളെ വിരട്ടിയോടിച്ചു. കോഴിക്കോട്ടും വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിച്ചു. മുക്കത്ത് വാഹനങ്ങള്‍ തടഞ്ഞു. ഇവിടെ വ്യാപാരികള്‍ ഇടപെട്ടുതന്നെയാണ് കടകള്‍ അടപ്പിച്ചത്. വാഹനങ്ങള്‍ ഓടുന്നില്ല.

കോഴിക്കോട്ടും വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിച്ചു. മുക്കത്ത് വാഹനങ്ങള്‍ തടഞ്ഞു. ഇവിടെ വ്യാപാരികള്‍ ഇടപെട്ടുതന്നെയാണ് കടകള്‍ അടപ്പിച്ചത്. എന്നാല്‍ അല്‍പസമയത്തിനുശേഷം അടപ്പിച്ച കടകള്‍ പോലീസ് തുറപ്പിച്ചു. വാഹനങ്ങള്‍ ഓടുന്നില്ല. താമരശ്ശേരി, ചുടലമുക്ക്, ഈങ്ങാപ്പുഴ, പൂനൂര്‍, കൊടുവള്ളി, വടകര തുടങ്ങിയ സ്ഥലങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. പാലക്കാട്ടേയും സ്ഥിതി വ്യത്യസ്തമല്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കടകള്‍ അടപ്പിച്ചു. ഒലവക്കോട്, മുതലമട ഭാഗങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു.

വയനാട് കല്‍പ്പറ്റയില്‍ ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. തെക്കന്‍ ജില്ലകളില്‍ എറണാകുളം മൂവാറ്റുപുഴയില്‍ ഹര്‍ത്താലനുകൂലികള്‍ പ്രതിഷേധ പ്രകടനം നടത്തി.

കഠുവയില്‍ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താലാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിച്ചിരുന്നു. തിങ്കളാഴ്ച കേരളം നിശ്ചലമാവുമെന്നും രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെ ഹര്‍ത്താലാണെന്നുമാണ് സൂമൂഹ മാധ്യമങ്ങളില്‍ സന്ദേശം പ്രചരിച്ചത്.