ഹര്‍ത്താലെന്ന് സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ പ്രചാരണം; പലയിടങ്ങളിലും വഴി തടയലും ഭീഷണിയും

കോഴിക്കോട്: ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താലെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന വ്യാജ പ്രചാരണം പലയിടങ്ങളിലും ഫലത്തില്‍ ഹര്‍ത്താലായി മാറി.

വിവിധ ഇടങ്ങളില്‍ ആളുകള്‍ വഴി തടയുകയും വാഹനയാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കടകള്‍ അടപ്പിച്ചു. വടക്കന്‍ ജില്ലകളിലാണ് പ്രശ്നം കൂടുതൽ രൂക്ഷമായത്. ദേശീയപാതയിലടക്കം വാഹനങ്ങള്‍ തടഞ്ഞു. ഏതെങ്കിലും സംഘടനയുടെ പേരിലല്ല ഹര്‍ത്താലനുകൂലികള്‍ സംഘടിച്ചിരിക്കുന്നത്. രാവിലെ മുതല്‍ സംഘം ചേര്‍ന്ന് ആളുകള്‍ വഴിതടയുകയും പ്രധാന റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിക്കുകയുമായിരുന്നു.

മലപ്പുറം ചങ്കുവെട്ടിയിൽ ബസുകൾ തടഞ്ഞിട്ടിരിക്കുന്നു. ഫോട്ടോ: അനു സോളമൻ
കാസര്‍കോട് വിദ്യാനഗര്‍ അണങ്കൂറും മലപ്പുറം വള്ളുവമ്പ്രത്തും വെട്ടിച്ചിറയിലും ചങ്കുവെട്ടിയിയിലും ബസുകള്‍ തടഞ്ഞു. ചങ്കുവെട്ടിയില്‍ തൃശ്ശൂരില്‍ നിന്നെത്തിയ സ്വകാര്യ ബസുകള്‍ തടഞ്ഞിട്ടു. പല ബസ്സുകളും പാതിവഴിയില്‍ ട്രിപ്പ് മുടക്കി. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും കടത്തി വിടുന്നുണ്ട്. നിരവധി ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് ചെറുവാഹനങ്ങള്‍ കടത്തിവിടുന്നത്.

വണ്ടൂര്‍-കാളികാവ് റോഡില്‍ അഞ്ചത്തവിടി, കറുത്തേനി, വാണിയമ്പലം എന്നിവിടങ്ങളിലും റോഡ് തടസ്സപ്പെടുത്തി.

കോഴിക്കോട് താമരശ്ശേരി-കൊയിലാണ്ടി റൂട്ടിലും വാഹനങ്ങള്‍ തടഞ്ഞു. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലും കോഴിക്കോട്, ബേപ്പൂര്‍, വടകര മേഖലയിലും ബസുകള്‍ തടഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ പലയിടങ്ങളിലും കടകള്‍ അടപ്പിച്ചു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ കടകള്‍ തുറന്നവരെ ഭീഷണിപ്പെടുത്തി അടപ്പിച്ചു. പരപ്പനങ്ങാടിയിൽ ഹർത്താലനുകൂലികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ടയറുകൾ റോഡിലിട്ട് കത്തിച്ചാണ് വാഹനഗതാഗതം തടസ്സപ്പെടുത്തിയത്. കണ്ണൂർ ജില്ലയിലെ കരുവഞ്ചാലിലും കോഴിക്കോട് മുക്കത്തും ഭീഷണിപ്പെടുത്തി കടകൾ അടപ്പിച്ചു. മൂവാറ്റുപുഴയിലും കണ്ണൂരും തിരൂരും ഹർത്താലനുകൂലികൾ പ്രകടനം നടത്തി.

വാഹനങ്ങള്‍ തടയുന്നവര്‍ക്കെതിരേയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

കഠുവയില്‍ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താലാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിച്ചിരുന്നു.

പരപ്പനങ്ങാടിയിൽ റോഡിൽ ടയറുകൾ കത്തിച്ചപ്പോൾ. ഫോട്ടോ: നിലീന അത്തോളി
തിങ്കളാഴ്ച കേരളം നിശ്ചലമാവുമെന്നും രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെ ഹര്‍ത്താലാണെന്നുമാണ് സൂമൂഹ മാധ്യമങ്ങളില്‍ സന്ദേശം പ്രചരിച്ചത്.

എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്നറിയാതെ നിരവധിപേരാണ് ഫെയ്‌സ്ബുക്കിലും വാട്‌സ് ആപ്പിലും ഇത് പ്രചരിപ്പിച്ചിരുന്നു.