ആക്രമണം സിറിയക്കുനേരെയുള്ള കടന്നുകയറ്റമെന്ന് പുടിന്‍

വാഷിങ്ടണ്‍: അമേരിക്ക നടത്തിയ വ്യോമാക്രമണം സിറിയയുടെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ കുറ്റപ്പെടുത്തി. യു.എന്നിന്റെ അനുമതിയില്ലാതെയാണ് ആക്രമണം നടത്തിയത്. ഇത് ചര്‍ച്ച ചെയ്യാന്‍ യു.എന്‍ അടിയന്തര യോഗം വിളിക്കണമെന്നും പുടതിന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

ഡൂമയില്‍ സിറിയ രാസായുധം പ്രയോഗിച്ചുവെന്നതിന് തെളിവൊന്നുമില്ല. രാജ്യാന്തര ബന്ധങ്ങള്‍ക്ക് ഇത്തരം ആക്രമണങ്ങള്‍ ഭീഷണിയാണെന്നും യു.എന്‍ ഇക്കാര്യം അടിയന്തിരമായി ചര്‍ച്ചചെയ്യണമെന്നും പുടിന്‍ പറഞ്ഞു.

യു.എസ്, യു.കെ, ഫ്രാന്‍സ് സംയുക്ത സേനകളായിരുന്നു സിറിയക്കു നേരെ ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ കാര്യം യു.എസ് പ്രസിഡന്റ് അടക്കം മൂന്ന് രാഷ്ട്രത്തലവന്‍മാരും സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് പ്രതികരണവുമായി പുടിന്‍ എത്തിയത്.