പുരുഷന്‍മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ബജ്‌റങ് പൂനിയയ്ക്ക് സ്വര്‍ണം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്‍മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ബജ്‌റങ് പൂനിയയ്ക്ക് സ്വര്‍ണം. ഗെയിംസിന്റെ ഒമ്പതാം ദിനവും ഇന്ത്യ കുതിപ്പ് തുടരുകയാണ്. പുരുഷന്‍മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫൈര്‍ പിസ്റ്റള്‍ ഇനത്തില്‍ അനീഷ് ഭന്‍വാലയും വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ഇനത്തില്‍ തേജസ്വനി സാവന്തും സ്വര്‍ണം നേടിയതിന് പിന്നാലെയാണ് ബജ്‌റങ് പൂനിയ ഇന്ത്യക്കായി സ്വര്‍ണം നേടി. ഇതോടെ ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആകെ സ്വര്‍ണം പതിനേഴിലെത്തി.

ഗോദയില്‍ ന്യൂസിലാന്‍ഡിന്റെ ബ്രാം റിച്ചാര്‍ഡ്‌സിനെ മലര്‍ത്തിയടിച്ചാണ് ബജ്‌റങിന്റെ സ്വര്‍ണ നേട്ടം. മൂന്ന് സ്വര്‍ണത്തിന് പുറമേ നാല് വെള്ളിയും നാല് വെങ്കലവും സഹിതം പതിനൊന്ന് മെഡലുകള്‍ ഇന്ത്യ ഇന്ന് കൈപിടിയിലൊതുക്കി. 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സ് വിഭാഗത്തില്‍ സാവന്തിന്റെ സ്വര്‍ണത്തിനൊപ്പം അന്‍ജൂമിലൂടെ വെള്ളിയും ഇന്ത്യക്കാണ്. വനിതകളുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ പൂജ ദന്ത വെള്ളി കരസ്ഥമാക്കിയപ്പോള്‍ പുരുഷന്‍മാരുടെ 97 കിലോഗ്രാം വിഭാഗം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ മൗസം ഖത്രി വെള്ളി നേടി. വനിതകളുടെ 68 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ദിവ്യ കക്രണും പുരുഷന്‍മാരുടെ 91 കിലോഗ്രാം വിഭാഗം ബോക്‌സിങ്ങില്‍ നമാന്‍ തന്‍വാറും വെങ്കലം സ്വന്തമാക്കി.

വനിതകളുടെ ടേബിള്‍ ടെന്നീസ് ഡബിള്‍സില്‍ ബത്ര മാനിക-മൗമ ദാസ് സഖ്യം വെള്ളി നേടിയപ്പോള്‍ 69 കിലോഗ്രാം ബോക്‌സിങ്ങില്‍ മനോജ് കുമാര്‍, 56 കിലോഗ്രാം വിഭാഗത്തില്‍ മുഹമ്മദ് ഹുസാമുദ്ദീന്‍ വെങ്കലവും നേടി. നിലവില്‍ 17 സ്വര്‍ണവും 11 വെള്ളിയും 14 വെങ്കലവും സഹിതം 42 മെഡലോടെ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 65 സ്വര്‍ണവും 49 വെള്ളിയും 51 വെങ്കലവും സ്വന്തമാക്കിയ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 30 സ്വര്‍ണവും 34 വെള്ളിയും 34 വെങ്കലവുമുള്ള ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്.