മികച്ച നടനുള്ള പുരസ്കാരത്തിന് ഇന്ദ്രൻസിനെ അവസാനം വരെ പരിഗണിച്ചിരുന്നെന്ന് ജൂറി

ആളൊരുക്കത്തിലെ അഭിനയത്തിന് ഇന്ദ്രൻസിനെ മികച്ച നടനുള്ള പുരസ്കാരത്തിനായും ജൂറി അവസാനം വരെ പരിഗണിച്ചിരുന്നു. മനോഹരമായ പ്രകടനമാണ് ചിത്രത്തിൽ ഇന്ദ്രൻസ് കാഴ്ചവച്ചിരിക്കുന്നതെന്നും ജൂറി വിലയിരുത്തി.സംവിധായകൻ ശേഖർ കപൂർ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

ആളൊരുക്കം എന്ന ചിത്രത്തിലൂടെ തന്നെയാണ് ഇന്ദ്രന്‍സ് ആദ്യമായി സംസ്ഥാന പുരസ്കാരം നേടിയത്. അന്ന് അവാര്‍ഡ് വൈകിയോ എന്ന ചോദ്യത്തിന് താന്‍ തുടങ്ങിയിട്ടേയുള്ളൂ എന്നായിരുന്നു താരത്തിന്‍റെ മറുപടി. ഞാൻ സ്വപ്നം കാണുന്നത് നസ്റുദ്ദീന്‍ ഷായെ പോലുള്ളവരുടെ കഥാപാത്രങ്ങളാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. മലയാളസിനിമയുടെ നല്ലകാലം തിരിച്ചുവരുന്നതിന്റെ സൂചനയാണ് ഇത്തവണത്തെ പുരസ്കാര നിർണയമെന്നും പ്രതികരണങ്ങൾ ഉയർന്നിരുന്നു.

ശയനം, ദൃഷ്ടാന്തം, കഥാവശേഷൻ, രാമാനം എന്നീ ചിത്രങ്ങളിലൂടെ ഇന്ദ്രൻസ് എന്ന നടന്റെ സാധ്യത സിനിമാലോകം തിരിച്ചറിഞ്ഞു. അപ്പോത്തിക്കിരിയിലെ അഭിനയത്തിന് 2014-ലെ പ്രത്യേകജൂറി പരാമർശം. ആ യാത്ര 2018 എത്തുമ്പോൾ ആളൊരുക്കത്തിലൂടെ മികച്ച നടൻ എന്ന ബഹുമതി.