പാട്ടിനൊപ്പം നൃത്തം ചെയ്യാന്‍ വിസമ്മതിച്ചു; ഗര്‍ഭിണിയായ നാടോടി ഗായികയെ വെടിവെച്ച് കൊന്നു

ഇസ്ലാമാബാദ്: പാട്ടിനൊപ്പം നൃത്തം ചെയ്യാന്‍ വിസമ്മതിച്ചതിന് ഗര്‍ഭിണിയായ പാക് നാടോടി ഗായികയെ വെടിവെച്ച് കൊന്നു. ദക്ഷിണ പാകിസ്താനില്‍ ഒരു വിവാഹ ചടങ്ങിനിടെ സാമിന സിന്ധുവെന്ന ഗായികയാണ് വെടിയേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാത്രി സിന്ധ്‌ പ്രവിശ്യയായ ലര്‍ക്കാനയക്കടുത്താണ് സംഭവം നടന്നത്. ഗർഭിണിയായതിനാൽ അധികസമയവും ഇരുന്നുകൊണ്ടാണ് ഗായിക പാടിയത്. ഇതാണ് അക്രമിയെ ചൊടിപ്പിച്ചത്.

വെടിയേറ്റ ഉടനെ സാമിന സിന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. പാക് മനുഷ്യവാകാശ പ്രവര്‍ത്തകനായ കപില്‍ ദേവ് സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ കുറ്റവാളികളെ പോലീസ് സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സ്‌റ്റേഷന്‍ ചുമതലയുള്ള ഒരു പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. രണ്ട് പേര്‍ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.