തന്റെ വ്യക്തിവിവരങ്ങളും ചോർത്തിയെന്ന് ഫെയ്സ്ബുക് സിഇഒ മാർക്ക് സക്കർബർഗ്

WASHINGTON, DC - APRIL 10: Facebook co-founder, Chairman and CEO Mark Zuckerberg testifies before a combined Senate Judiciary and Commerce committee hearing in the Hart Senate Office Building on Capitol Hill April 10, 2018 in Washington, DC. Zuckerberg, 33, was called to testify after it was reported that 87 million Facebook users had their personal information harvested by Cambridge Analytica, a British political consulting firm linked to the Trump campaign. (Photo by Chip Somodevilla/Getty Images)

വാഷിങ്ടൻ: തന്റെ വ്യക്തിവിവരങ്ങളും കേംബ്രിജ് അനലിറ്റിക്ക (സിഎ) ചോർത്തിയെന്ന് ഫെയ്സ്ബുക് സിഇഒ മാർക്ക് സക്കർബർഗ്. സിഎ ചോർത്തിയ 87 മില്യൺ ഫെയ്സ്ബുക് ഉപയോക്താക്കളുടെ പട്ടികയിൽ തന്റേതും ഉൾപ്പെടുന്നുണ്ടെന്നും യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് എനർജി ആൻഡ് കൊമേഴ്സ് കമ്മിറ്റിക്കുമുന്നിൽ ഹാജരായി ചോദ്യങ്ങളോടു പ്രതികരിക്കവെ സക്കർബർഗ് വ്യക്തമാക്കി.

അതേസമയം, ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങളിൽ ഉപയോക്താക്കൾക്ക് ആവശ്യമായ നിയന്ത്രണം ലഭിക്കുന്നില്ലെന്ന് ഒരു കോൺഗ്രസ് അംഗത്തിന്റെ വിമർശനത്തെ സക്കർബർഗ് തള്ളിക്കളയുകയും ചെയ്തു. ഫെയ്സ്ബുക്കിൽ ആര് എപ്പോൾ എന്തു പങ്കുവയ്ക്കാനെത്തിയാലും അവർക്കു അവിടെവച്ചുതന്നെ എല്ലാം നിയന്ത്രിക്കാനാകും. ആ സംവിധാനം ഉപയോക്താവിനു അപ്പോൾതന്നെ ഉപയോഗിക്കാനാകുന്ന വിധമാണു സജ്ജീകരിച്ചിരിക്കുന്നത്. അല്ലാതെ സെറ്റിങ്സിൽ കയറി മാറ്റേണ്ട കാര്യമില്ല, സക്കർബർഗ് ചൂണ്ടിക്കാട്ടി.

ചൊവ്വാഴ്ച അഞ്ച് മണിക്കൂർ ചോദ്യങ്ങളെ നേരിട്ട സക്കർബർഗ് രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് യുഎസ് കോൺഗ്രസിനു മുന്നിൽ ഹാജരാകുന്നത്. പതിവു വസ്ത്രമായ ഗ്രേ ടീ ഷർട്ടിനു പകരം സ്യൂട്ട് ധരിച്ചാണ് സക്കർബർഗ് ഹാജരായത്. സെനറ്റർമാരുടെ ചൂടൻ ചോദ്യത്തിനു മുന്നിൽ പതറാതെ കൃത്യമായ ഉത്തരങ്ങളാണ് ഫെയ്സ്ബുക് സ്ഥാപകൻ നൽകിയത്.

ഇതു ഓഹരിവിപണിയിലും പ്രതിഫലിച്ചു. സക്കർബർഗിന്റെ പ്രകടനത്തിൽ മതിപ്പു തോന്നിയ നിക്ഷേപകരുടെ പ്രയത്നത്തിൽ ചൊവ്വാഴ്ച മാത്രം 4.5 ശതമാനത്തിന്റെ വളർച്ചയാണ് ഫെയ്സ്ബുക്കിന്റെ ഓഹരികൾ നേടിയത്. കഴിഞ്ഞ രണ്ടു വർഷത്തെ കണക്ക് എടുക്കുകയാണെങ്കിൽ ഒരു ദിവസം ഫെയ്സ്ബുക്ക് നേടുന്ന മികച്ച വളർച്ചയാണിത്. എന്നാൽ ബുധനാഴ്ച രാവിലത്തെ വ്യാപാരത്തിൽ 0.7% ഇടിവു രേഖപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

ഫെയ്സ്ബുക് ഉപയോക്താക്കളുടെ വിവരങ്ങൾ കൈമാറുന്നതിൽ യുഎസ് കോൺഗ്രസ് അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. ഫെയ്സ്ബുക്കിന് ഡേറ്റ കൈമാറ്റത്തിൽ നിയന്ത്രണം ഇല്ലെങ്കിൽ ഉപയോക്താക്കൾക്ക് എങ്ങനെയാണ് നിയന്ത്രണം ഉണ്ടാവുകയെന്ന് ന്യൂജഴ്സിയിൽനിന്നുള്ള ഫ്രാങ്ക് പല്ലോൺ ചോദിച്ചു.