മഞ്ജു വാര്യര്‍ ചിത്രം മോഹന്‍ലാലിന്റെ പ്രദര്‍ശനത്തിന് സ്റ്റേ

മഞ്ജു വാര്യരെ നായികയാക്കി സാജിത് യഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിന് സ്റ്റേ. തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് തൃശൂര്‍ അതിവേഗ കോടതി ചിത്രത്തിന്റെ പ്രദര്‍ശനം സ്റ്റേ ചെയ്തത്.

മഞ്ജു വാര്യര്‍ മീനുക്കുട്ടി എന്ന മോഹന്‍ലാല്‍ ഫാനിനെ അവതരിപ്പിക്കുന്ന ചിത്രം വിഷുവിന്റെ തലേദിവസമാണ് റിലീസ് ചെയ്യാനിരുന്നത്.

താന്‍ രചിച്ച ‘മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്’ എന്ന കഥാസമാഹാരത്തെ അനുകരിച്ചാണ് സുനീഷ് വാരനാട് തിരക്കഥാരചന നിര്‍വഹിച്ച മോഹന്‍ലാല്‍ എന്ന ചിത്രം ഒരുക്കിയിരിക്കുന്നതെന്നു കാണിച്ചാണ് രവികുമാര്‍ പരാതി നല്‍കിയത്. ഇതേ കാരണം ഉന്നയിച്ച് രവികുമാര്‍ നേരത്തെ ഫെഫകയ്ക്കും പരാതി നല്‍കിയിരുന്നു.

എന്റെ കഥ എന്റെ കുട്ടികള്‍ക്കുള്ള കഥയാണ്. അവരാണ് അതിന്റെ അവകാശികള്‍. അവര്‍ക്കുവേണമെങ്കില്‍ എന്നോട് ചോദിച്ചശേഷം അത് സിനിമയാക്കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇതിന് മുന്‍പും പലരും ഇങ്ങനെ ചെയ്തിട്ടുണ്ട്. ഇവര്‍ എന്നെ പല തരത്തിലും അപമാനിച്ചതുകൊണ്ടാണ് എനിക്ക് കേസുമായി മുന്നോട്ടു പോകേണ്ടിവന്നത്. അല്ലാതെ എനിക്ക് അവരോട് വാശിയോ ദേഷ്യമോ ഇല്ല-രവികുമാര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.