വ്യാജ ഇന്‍ഷുറന്‍സ്:യുവതി തട്ടിയത് ലക്ഷങ്ങള്‍ ഒടുവില്‍ അറസ്റ്റില്‍

കണ്ണൂര്‍:വാഹനങ്ങളുടെ വ്യാജ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ചമച്ചും ഇന്‍ഷുറന്‍സ് കമ്പനിയെ വഞ്ചിച്ചും ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍. കണ്ണൂരിലെ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ബ്രാഞ്ചിലെ ജീവനക്കാരി എളയാവൂര്‍ സൗത്തിലെ ഒട്ടുംചാലില്‍ ഷീബ ബാബുവിനെ(37)യാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റുചെയ്തത്. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയിലെ സീനിയര്‍ മാനേജര്‍ സജീവിന്റെ പരാതിപ്രകാരമാണ് പോലീസ് അന്വേഷണം നടത്തിയത്.
ഇരിട്ടി വള്ളിത്തോട് സ്വദേശി ഷെഫീഖിന്റെ കെ.എല്‍. 13 സെഡ് 0735 എന്ന നമ്പര്‍ കാറിന്റെ ഇന്‍ഷുറന്‍സ് അടയ്ക്കാനായി ഇരിട്ടിയിലെ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ശാഖയിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. 2017-18 കാലയളവില്‍ ഇന്‍ഷുറന്‍സ് തുക അടച്ചിട്ടില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. എന്നാല്‍ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി കണ്ണൂര്‍ ബ്രാഞ്ചിലെ ജീവനക്കാരിയായ ഷീബയുടെ പക്കല്‍ 15,260 രൂപ അടച്ചതായി ജീവനക്കാരോട് ഷെഫീഖ് വെളിപ്പെടുത്തി. തുടര്‍ന്ന് ഇന്‍ഷുറന്‍സ് പേപ്പര്‍ കണ്ടപ്പോഴാണ് വ്യാജ വാഹന ഇന്‍ഷുറന്‍സ് തട്ടിപ്പ് വിവരം പുറത്തായത്.

10 വര്‍ഷത്തിലേറെയായി യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ കാല്‍ടെക്‌സ് ബ്രാഞ്ചില്‍ ജോലി ചെയ്യുകയാണ് ഷീബ. മൂന്നുവര്‍ഷത്തോളമായി ഉപഭോക്താക്കളുടെ തുക അടയ്ക്കാതെ തട്ടിപ്പ് നടത്തിവരികയായിരുന്നു ഇവര്‍. വാഹന ഉടമകളില്‍നിന്ന് പണം കൈപ്പറ്റിയശേഷം ഇന്‍ഷുറന്‍സ് കമ്പനിയുടെ സൈറ്റില്‍ പോയി കമ്പനി അക്കൗണ്ട് ഓപ്പണ്‍ ചെയ്യും. തുടര്‍ന്ന് ഉപഭോക്താക്കളുടെ പേരും മറ്റു വിവരങ്ങളുമെല്ലാം ഇന്റര്‍നെറ്റില്‍നിന്ന് ശേഖരിക്കും. ഇത് സബ്മിറ്റ് ചെയ്യാതെ സേവ് ചെയ്യും. പിന്നീട് ഇതിന്റെ ഫോട്ടോകോപ്പിയെടുത്ത് അതില്‍ കോര്‍ട്ട് ഫീ സ്റ്റാമ്പൊട്ടിച്ച് ഇന്‍ഷുറന്‍സ് പേപ്പര്‍ നല്‍കും. ഷിയ ബസ് ഉടമ തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ഷിയാബ് ഇബ്രാഹിമിന്റെ ബി.എം.ഡബ്ല്യു. കാറിന്റെ ഇന്‍ഷുറന്‍സ് തുകയായ 46,000 രൂപയും ഷീബ തട്ടിയെടുത്തിട്ടുണ്ട്.

ഷീബ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ടൗണ്‍ സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ.രത്‌നകുമാറും എസ്.ഐ. ശ്രീജിത്ത് കൊടേരിയും പറഞ്ഞു. ഇവര്‍ ഇതേരീതിയില്‍ ഇരുനൂറോളം പേരെ പറ്റിച്ചതായാണ് പോലീസിന് കിട്ടിയ വിവരം. ഷീബയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു. സ്ഥാപനത്തിലെ കംപ്യൂട്ടറുകളും മറ്റു രേഖകളും പോലീസ് കസ്റ്റഡിയിലെടുത്തു. തട്ടിപ്പിനുപിന്നില്‍ വന്‍ റാക്കറ്റുണ്ടോയെന്നും പരിശോധിച്ചുവരുന്നു.