ചെന്നൈ സൂപ്പർ കിങ്‌സ് കാവേരിയായി,കൊൽക്കത്തയുടെ ആദ്യ തോൽവി,ആവേശം അവസാന പന്തോളം

ചെന്നൈ: കളത്തിനു പുറത്ത് വിവിധ തമിഴ് സംഘടനകളുടെ ബഹിഷ്കരണ ഭീഷണി, പ്രതിഷേധം. കളത്തിനുള്ളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അസാമാന്യ പോരാട്ടവീര്യം. ആവേശം അവസാന പന്തോളം കൂട്ടുനിന്ന സൂപ്പർ പോരാട്ടത്തിനൊടുവിൽ സർവ പ്രതിസന്ധികളും മറികടന്ന ചെന്നൈ സൂപ്പർ കിങ്സിന് സീസണിലെ രണ്ടാം ജയം. അ‍ഞ്ചു വിക്കറ്റിനാണ് ധോണിയുടെയും സംഘത്തിന്റെയും ജയം. കൊൽക്കത്ത ഉയർത്തിയ 203 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഒരേയൊരു പന്തു ബാക്കി നിൽക്കെയാണ് ചെന്നൈ മറികടന്നത്. സീസണിൽ കൊൽക്കത്തയുടെ ആദ്യ തോൽവി കൂടിയാണിത്.

വെസ്റ്റ് ഇൻഡീസ് താരം ആന്ദ്രെ റസലിന്റെ തകർപ്പൻ അർധസെഞ്ചുറിക്കരുത്തിൽ കൊൽക്കത്ത ഉയർത്തിയ കൂറ്റൻ സ്കോർ ചെന്നൈ മറികടക്കുന്ന കാഴ്ച ഈ സീസണിലെ ഏറ്റവും നിറമുള്ള ക്രിക്കറ്റ് ദൃശ്യമായിരുന്നു. ഓപ്പണറായെത്തിയ ഷെയ്ൻ വാട്സൻ തുടക്കമിട്ട ബാറ്റിങ് വിസ്ഫോടനം ചെന്നൈയുടെ വിജയത്തിൽ അവസാനിക്കുമ്പോൾ ഇക്കുറിയും ഒരറ്റത്ത് ഡ്വയിൻ ബ്രാവോ പുറത്താകാതെ നിന്നു. അഞ്ചു പന്തിൽ ഒരു സിക്സുൾപ്പെടെ 11 റൺസെടുത്ത ബ്രാവോയ്ക്കൊപ്പം അഞ്ചു പന്തിൽ 11 റൺസുമായി രവീന്ദ്ര ജഡേജയും വിജയമുറപ്പാക്കി ക്രീസിൽനിന്നു.

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ചെന്നൈയ്ക്കായി മിന്നുന്ന തുടക്കമാണ് വാട്സനും അമ്പാട്ടി റായിഡുവും ചേർന്ന് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 75 റൺസ്. 19 പന്തിൽ മൂന്നുവീതം ബൗണ്ടറിയും സിക്സും കണ്ടെത്തിയ വാട്സനായിരുന്നു കൂടുതൽ അപകടകാരി. വാട്സനെ പുറത്താക്കി കുറാൻ കൊൽക്കത്തയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചെങ്കിലും ഇംഗ്ലിഷ് താരം സാം ബില്ലിങ്സിന്റെ മിന്നൽ ബാറ്റിങ്ങാണ് കൊൽക്കത്തയ്ക്ക് തിരിച്ചടിയായത്. 23 പന്തുകൾ നേരിട്ട ബില്ലിങ്സ് രണ്ടു ബൗണ്ടറിയും അഞ്ചു സിക്സും ഉൾപ്പെടെ 56 റൺസെടുത്താണ് പുറത്തായത്.

കാര്യമായ സംഭാവനകളുമായി തിളങ്ങിയ അമ്പാട്ടി റായിഡു (26 പന്തിൽ മൂന്നു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 39), സുരേഷ് റെയ്ന (12 പന്തിൽ ഒരു സിക്സുൾപ്പെടെ 14), മഹേന്ദ്രസിങ് ധോണി (28 പന്തിൽ ഒരു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 25) എന്നിവരും ചെന്നൈയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു

കൊൽക്കത്ത നിരയിൽ നാല് ഓവറിൽ 49 റൺസ് വഴങ്ങിയ പിയുഷ് ചൗളയാണ് ഏറ്റവും കൂടുതൽ തല്ലു വാങ്ങിയത്. ചൗള ഒരു വിക്കറ്റും വീഴ്ത്തി. കുറാൻ മൂന്ന് ഓവറിൽ 39 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. അതേസമയം, നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത സുനിൽ നരെയ്ന്റെ പ്രകടനം ശ്രദ്ധേയമായി. കുൽദീപ് യാദവ് മൂന്ന് ഓവറിൽ 27 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

നേരത്തെ, ചെപ്പോക് സ്റ്റേഡിയത്തെ സിക്സുകളുടെ പെരുമഴയിൽ മുക്കിയ വെസ്റ്റ് ഇൻഡീസ് താരം ആന്ദ്രെ റസലിന്റെ അർധസെഞ്ചുറിയുടെ മികവിലാണ് കൊൽക്കത്ത കൂറ്റൻ സ്കോറിലേക്കെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത റസലിന്റെ അർധസെഞ്ചുറിയുടെ മികവിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു.

36 പന്തുകൾ മാത്രം നേരിട്ട റസ്സൽ ഒരു ബൗണ്ടറിയും 11 പടുകൂറ്റൻ സിക്സുകളും ഉൾപ്പെടെ 88 റൺസെടുത്തു പുറത്താകാതെ നിന്നു. 10 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 89 റൺസെന്ന നിലയിൽ നിന്നാണ് അവസാന 10 ഓവറിൽ 113 റൺസ് വാരി കൊൽക്കത്തയുടെ തേരോട്ടം. അതിനു ചുക്കാൻ പിടിച്ചതാകട്ടെ റസ്സലും. ആറാം വിക്കറ്റിൽ റസൽ–കാർത്തിക് സഖ്യം 76 റൺസും ഏഴാം വിക്കറ്റിൽ റസൽ–കുറാൻ സഖ്യം 37 റൺസും കൂട്ടിച്ചേർത്തു

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തയുടെ തുടക്കം തകർച്ചയോടെയായിരുന്നു. കഴിഞ്ഞ മൽസരത്തിൽ അർധസെഞ്ചുറി നേടി തിളങ്ങിയ സുനിൽ നരെയ്ൻ ഇക്കുറിയും രണ്ടു സിക്സുകൾ നേടി മികച്ച തുടക്കമിട്ടെങ്കിലും രണ്ടാം ഓവറിൽ ഹർഭജനു മുന്നിൽ വീണു. നാലു പന്തിൽ രണ്ടു സിക്സ് ഉൾപ്പെടെ 12 റൺസെടുത്ത നരെയ്നെ ഹർഭജൻ റെയ്നയുടെ കൈകളിലെത്തിച്ചു

രണ്ടാം വിക്കറ്റിൽ ഒന്നിച്ച ക്രിസ് ലിൻ–റോബിൻ ഉത്തപ്പ സഖ്യം കൊൽക്കത്തയുടെ സ്കോർ 50 കടത്തിയെങ്കിലും സ്കോർ 51ൽ നിൽക്കെ ലിന്നിനെ ജഡേജ പുറത്താക്കി. 16 പന്തിൽ നാലു ബൗണ്ടറികളുൾപ്പെടെ 22 റൺസായിരുന്നു ലിന്നിന്റെ സമ്പാദ്യം. പിന്നാലെ നിതീഷ് റാണ (14 പന്തിൽ 16), റോബിൻ ഉത്തപ്പ (16 പന്തിൽ രണ്ടു ബൗണ്ടറിയും മൂന്നു സിക്സും ഉൾപ്പെടെ 26), റിങ്കു സിങ് (നാലു പന്തിൽ രണ്ട്) എന്നിവരെ മടക്കിയ ചെന്നൈ കൊൽക്കത്തയുടെ മുന്നേറ്റത്തിനു തടയിട്ടെങ്കിലും ദിനേഷ് കാർത്തിക്–റസൽ സഖ്യം പോരാട്ടം ചെന്നൈ ക്യാംപിലേക്കു നയിക്കുകയായിരുന്നു.

ദിനേഷ് കാർത്തിക് 25 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 26 റൺസെടുത്തു പുറത്തായി. കുറാൻ അഞ്ചു പന്തിൽ രണ്ടു റണ്ണെടുത്ത് പുറത്താകാതെ നിന്നു. ചെന്നൈയ്ക്കായി ഷെയ്ൻ വാട്സൻ നാല് ഓവറിൽ 39 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ഹർഭജൻ സിങ്, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.