ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണം; ഹീന സിദ്ധുവിന് ഗെയിംസ് റെക്കോഡ്

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ആറാം ദിനം ഇന്ത്യയുടെ ആദ്യ സ്വര്‍ണം ഹീന സിദ്ധുവിന്. 25 മീറ്റര്‍ പിസ്റ്റളിലാണ് ഇന്ത്യന്‍ താരം സ്വര്‍ണമണിഞ്ഞത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 11 ആയി. നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഹീന വെള്ളി നേടിയിരുന്നു.

ഗെയിംസ് റെക്കോഡോടെയാണ് ഹീനയുടെ സ്വര്‍ണനേട്ടം. ഹീന 38 പോയിന്റ് നേടിയപ്പോള്‍ ഓസ്‌ട്രേലിയയുടെ എലേന ഗാലിയാബോവിച്ചിനാണ് വെള്ളി. മലേഷ്യയുടെ ആലിയ അസ്ഹാരി വെങ്കലം നേടി. മറ്റൊരു ഇന്ത്യന്‍ താരമായ അനു സിങ്ങിന് ആറാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു.

നേരത്തെ പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണില്‍ ഗഗന്‍ നാരംഗും ചെയ്ന്‍ സിങ്ങും നിരാശപ്പെടുത്തിയിരുന്നു. എട്ടു തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ഗഗന്‍ ഏഴാം സ്ഥാനത്തും ചെയ്ന്‍ സിങ്ങ് നാലാം സ്ഥാനത്തുമാണ് മത്സരം പൂര്‍ത്തിയാക്കിയത്.