വ്യാപാരക്കരാര്‍ അമേരിക്ക ചൈനയ്ക്ക് വഴങ്ങുന്നു,ചൈന ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന പ്രതീക്ഷയിൽ ട്രംപ്.

വാഷിങ്ടൻ: യുഎസ് ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നികുതിയിൽ ചൈന കുറവുവരുത്തുമെന്ന പ്രതീക്ഷയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വ്യാപാ
ര കരാറിൽ ഇളവു കൊണ്ടുവരുന്നത് ശരിയായ കാര്യമാണെന്നും ട്രംപ് പറഞ്ഞു. സാമ്പത്തികമേഖലയേയും ഉപഭോക്താക്കളെയും വ്യവസായത്തെയും ബാധിക്കുന്ന പ്രശ്നത്തിനു പരിഹാരം കാണാൻ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും താനും നല്ല സുഹൃത്തുക്കളാണ്. വ്യാപാരമേഖലയിൽ എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും അതൊന്നും സൗഹൃദത്തെ ബാധിക്കില്ലെന്നും ട്രംപ് പറഞ്ഞു. വ്യാപാരബന്ധത്തെ ബാധിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ ചൈന മാറ്റും. നികുതികൾ പരസ്പരപൂരകങ്ങളാകുകയും പൊതുസ്വത്തിൽ കരാർ കൊണ്ടുവരികയും ചെയ്യും. ഇരുരാജ്യങ്ങൾക്കും മികച്ച ഭാവിയുണ്ടെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു

യുഎസിൽ നിന്നുള്ള കാർ, വിമാനം എന്നിവയുൾപ്പെടെ 106 ഉൽപന്നങ്ങളുടെ ഇറക്കുമതിക്കാണ് ചൈന പുതിയ തീരുവ ചുമത്തിയത്. ഇറക്കുമതി തീരുവ ചുമത്താനുദ്ദേശിക്കുന്ന 1300 ചൈനീസ് ഉൽപന്നങ്ങളുടെ പട്ടിക യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്തുവിട്ടതിനു പിന്നാലെയായിരുന്നു ഇത്. ചൈനയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്കാണ് യുഎസ് നിയന്ത്രണമേർപ്പെടുത്തിയത്. എന്നാൽ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങൾക്കും 120 അനുബന്ധ ഉൽപന്നങ്ങൾക്കും 15 ശതമാനവും പന്നിയിറച്ചി ഉൾപ്പെടെയുള്ള എട്ട് ഉൽപന്നങ്ങൾക്ക് 25 ശതമാനവും തീരുവ ചൈന ചുമത്തി

ചൈനയിൽ നിന്നുള്ള 6000 കോടി ഡോളറിന്റെ ഇറക്കുമതിക്കു തീരുവ ചുമത്തുകയും നിക്ഷേപത്തിനു നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുന്ന വിജ്ഞാപനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ മാസം 23ന് ആണ് ഒപ്പുവച്ചത്. നിയന്ത്രണങ്ങൾ കൊണ്ടുവന്നതോടെ ഓഹരിവിപണിയിലു ഇതിന്റെ പ്രതിഫലനങ്ങൾ കണ്ടിരുന്നു.