ഇന്ത്യ ഉപയോഗിക്കുന്ന റഷ്യന്‍ ടാങ്കുകളിലും മിസൈലുകളിലും സ്വന്തമാക്കാൻ പാകിസ്ഥാൻ

ഡല്‍ഹി: ടാങ്കുകളും വ്യോമപ്രതിരോധ ആയുധങ്ങളും അടക്കമുള്ള യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതിന് പാകിസ്താന്‍ റഷ്യയുമായി ചര്‍ച്ച നടത്തുന്നു. പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖുറം ദസ്തഗീര്‍ ഖാന്‍ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയോടാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയുമായുള്ള സഹകരണം പാകിസ്താന്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം വാര്‍ത്താ ഏജന്‍സിയുമായുള്ള അഭിമുഖത്തിനിടെ വ്യക്തമാക്കി.

ടി-90 ടാങ്കുകളില്‍ ഞങ്ങള്‍ക്ക് താത്പര്യമുണ്ട്. എന്നാല്‍ ഒറ്റത്തവണയായിട്ടാകില്ല ഇതു വാങ്ങുക. ദീര്‍ഘകാല കരാറിലാകും ഏര്‍പ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് റഷ്യ വിതരണം ചെയ്യുന്ന ടാങ്കുകളാണ് ടി-90.

അതേ സമയം ഏത് തരത്തിലുള്ള വ്യോമ പ്രതിരോധ മിസൈലുകളാണ് പാകിസ്താന്‍ വാങ്ങുന്നതെന്ന് പാക് മന്ത്രി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇന്ത്യയുമായി റഷ്യക്ക് കരാറിലുള്ള ദീര്‍ഘദൂര എസ്-400 മിസൈലുകളില്‍ അവര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

2016-ലാണ് ഇന്ത്യ റഷ്യയില്‍ നിന്ന് വ്യോമ വേധ മിസൈലുകള്‍ വാങ്ങുന്നതിനുള്ള കരാറിലേര്‍പ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുചിനുമാണ് കരാറില്‍ ഒപ്പിട്ടത്. 400 കിലോമീറ്റര്‍ പരിധിയിലുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ സാധിക്കുന്ന ഇവ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വ്യോമവേധ മിസൈലുകളാണ്.

റഷ്യയുമായി നേരത്തെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇരു രാജ്യങ്ങളും തമ്മില്‍ മികച്ച ബന്ധവും സഹകരണവുമാണുള്ളതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.