നന്ദി… നന്ദി… തോമസ് ഐസക്കിനും മാദ്ധ്യമങ്ങള്‍ക്കും: സുഡാനി നടന്‍ സാമുവല്‍ റോബിന്‍സണ്‍.നിര്‍മ്മാതാക്കളുമായുള്ള തര്‍ക്കം തീര്‍ന്നു.

കൊച്ചി: കേരളക്കരയിൽ മെഗാഹിറ്റായി മാറിയ സുഡാനി ഫ്രം നൈജീരിയയിൽ അഭിനയിച്ചതിന് തനിക്ക് അർഹമായ പ്രതിഫലം നൽകാമെന്ന് നിർമ്മാതാക്കൾ അറിയിച്ചതായി നടൻ സാമുവൽ അബിയോള റോബിൻസൺ അറിയിച്ചു. താൻ ചെയ്ത ജോലിക്ക് ന്യായമായ തുക നൽകാമെന്ന് നിർമ്മാതാക്കൾ സമ്മതിച്ചതായാണ് റോബിൻസൺ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്

വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണം തെറ്റിദ്ധാരണ കൊണ്ടും സംഭവിച്ചതാണെന്നും എന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്രിന് ക്ഷമ ചോദിക്കുന്നതായും സാമുവൽ പറഞ്ഞു. കേരളത്തിൽ വംശീയമായ അധിക്ഷേപം ഇല്ലെന്നും ഏറ്റവും സൗഹാർദ്ദപരമായ നാടായാണ് താൻ കേരളത്തെ കാണുന്നതെന്നും അദ്ദേഹം കുറിച്ചു.

കേരളത്തിലെ മാദ്ധ്യമങ്ങൾക്കും തോമസ് ഐസക്കിനും നന്ദിപറയുന്നതായും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഷൈജു ഖാലിദ്, സമീർ താഹിർ എന്നിവരോട് യാതൊരുവിധത്തിലുള്ള വിദ്വേഷവും ആരും പ്രകടിപ്പിക്കരുതെന്നും സാമുവൽ അഭ്യർത്ഥിച്ചു. ഈ വിഷയം തീർക്കുന്നതിൽ അവർ കാണിച്ച ഹൃദ്യമായ സമീപനം കൊണ്ട് മനസിലാവും അവർ എത്ര നല്ലവരാണെന്ന്. വിവാദത്തിന് മുൻപ് ഞങ്ങൾ കുടുംബം പോലെയായിരുന്നു. തെറ്റിദ്ധാരണ കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്- സാമുവൽ ഫേസ്ബുക്കിൽ കുറിച്ചു

തനിക്ക് ലഭിച്ച തുകയിൽ ഒരു ഭാഗം വംശീയതയ്ക്ക് എതിരെ പ്രവർത്തിക്കുന്ന സംഘടനയ്ക്ക് സംഭാവന നൽകിയതായും അദ്ദേഹം അറിയിച്ചു