ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ദിവസങ്ങള്‍ക്കകം ഭൂമിയില്‍ പതിക്കും. കേരളത്തെ ബാധിക്കില്ലെന്ന്‌ ഐഎസ്ആർഒ

തിരുവനന്തപുരം:ചൈനയുടെ നിയന്ത്രണം നഷ്ടമായ ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ദിവസങ്ങള്‍ക്കകം ഭൂമിയില്‍ പതിക്കും
ഇന്ത്യയ്ക്കു കാര്യമായ ഭീഷണിയില്ലെന്നു വിദഗ്ധർ. കേരളത്തെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നും ഐഎസ്ആർഒ ഗവേഷകർ ഉറപ്പു നൽകുന്നു. ബഹിരാകാശ നിലയം മനുഷ്യജീവന് ഒരു തരത്തിലും ഭീഷണിയല്ലെന്നും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. നിലയം ഭൂമിയോട് നൂറു കിലോമീറ്റര്‍ അടുക്കുമ്പോള്‍ തന്നെ അന്തരീക്ഷ വായുവുമായുള്ള ‘ഘർഷണ’ത്തിലൂടെ ചൂടു കൂടി തീപിടിച്ചു തുടങ്ങും. മിക്ക ഭാഗങ്ങളും കത്തിയമരുന്നതിനാല്‍ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ വീഴാനുള്ള സാധ്യത തീരെ കുറവുമാണ്

ചൈന, ഇറ്റലിയും വടക്കന്‍ സ്പെയിനും ഉള്‍പ്പെടുന്ന യൂറോപ്യന്‍ പ്രദേശങ്ങള്‍, തെക്കേ അമേരിക്ക, ന്യൂസീലന്‍ഡ് എന്നിവിടങ്ങളിലാണ് നിലവിൽ ചൈനീസ് നിലയത്തിന്റെ അവശിഷ്ടങ്ങള്‍ വീഴാന്‍ സാധ്യത കല്‍പിക്കപ്പെടുന്നത്. വീണാലും കടലിലോ ജനവാസം കുറഞ്ഞ പ്രദേശങ്ങളിലോ ആകും വീഴ്ച. മനുഷ്യനെ തീരെ ബാധിക്കില്ല. ഉപഗ്രഹ അവശിഷ്ടങ്ങള്‍ മനുഷ്യ ശരീരത്തില്‍ പതിക്കാനുള്ള സാധ്യതയെക്കുറിച്ച് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ കണക്കുകൂട്ടലിങ്ങനെ: ‘ ഒരാള്‍ക്ക് വര്‍ഷത്തില്‍ രണ്ടു തവണ മിന്നലേല്‍ക്കാനുള്ള സാധ്യത എങ്ങനെയാണോ അത്ര മാത്രം’.

ബഹിരാകാശ നിലയം ജനവാസ കേന്ദ്രത്തില്‍ പതിക്കാനുള്ള സാധ്യത പതിനായിരത്തില്‍ ഒന്നു മാത്രം. ഒരു വലിയ ലോഹ കഷ്ണമായി നിലയത്തിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിക്കില്ല. ഭൂമിയോടടുക്കുമ്പോള്‍ ചൂടുപിടിച്ചു ലോഹ കഷ്ണങ്ങള്‍ ചിന്നിച്ചിതറി ചെറിയ കഷ്ണങ്ങളാകും. ഒട്ടുമിക്ക കഷ്ണങ്ങളും കത്തി ചാമ്പലാകും.
നിലയത്തിന്റെ വീഴ്ച ഐഎസ്ആര്‍ഒ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. നിലയത്തിന്റെ മിക്ക ഭാഗങ്ങളും അന്തരീക്ഷത്തില്‍വച്ചുതന്നെ കത്തിപോകാനാണ് സാധ്യത. ഭൂമിയോടടുത്താല്‍ മാത്രമേ നിലയം എവിടെ വീഴുമെന്നതിനെ സംബന്ധിച്ചു കൃത്യമായ പ്രവചനം സാധ്യമാകൂ. കൃത്യമായി പ്രവചിക്കാനുള്ള സംവിധാനങ്ങള്‍ ഐഎസ്ആര്‍ഒയ്ക്ക് ഉണ്ട്. ആശങ്കപെടേണ്ട സാഹചര്യമില്ല ’ – വിഎസ്എസ് സി മുന്‍ ഡയറക്ടറും സംസ്ഥാന സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവുമായ എം.സി. ദത്തന്‍ പറഞ്ഞു.

ചൈനയുടെ സ്വപ്ന പദ്ധതിയായിരുന്നു ടിയാന്‍ഗോങ്-1 ബഹിരാകാശ നിലയം. 2001ലാണ് ചൈന മൃഗങ്ങളെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നത്. 2003ല്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന മൂന്നാമത്തെ രാജ്യമായി. തൊട്ടുപിന്നാലെ 2011ലാണ് ടിയാന്‍ഗോങ് – 1 ബഹിരാകാശത്തേക്ക് അയച്ചത്. ചൈനയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ലി യാങ് 2012ൽ സ്റ്റേഷന്‍ സന്ദര്‍ശിച്ചിരുന്നു.

2016 മാര്‍ച്ചില്‍ നിലയത്തിന്റെ സേവനം അവസാനിപ്പിച്ചു. വേറൊരു നിലയം ടിയാന്‍ഗോങ് -2 പ്രവര്‍ത്തനക്ഷമമാണ്. പഴയ നിലയത്തിന്റെ ഭൂരിഭാഗവും കത്തുമെന്നാണ് ബഹിരാകാശ ഗവേഷണ ഏജന്‍സികളുടെ പ്രതീക്ഷ. കത്തിപോകാതെ എന്തൊക്കെ അവശേഷിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. നിലയത്തിന്റെ കൂടുതല്‍ വിവരങ്ങളും, ഘടനയും ചൈന പുറത്തു വിടാത്തതാണ് കാരണം. രാത്രിയിലാണ് ഭൂമിയിലേക്ക് പതിക്കുന്നതെങ്കില്‍ ഒരു വാല്‍നക്ഷത്രംപോലെ നിലയത്തിന്റെ ഭാഗങ്ങള്‍ കത്തുന്നത് കാണാനാകും

അമേരിക്കയുടെ ആദ്യ ബഹിരാകാശ പരീക്ഷണ നിലയമായിരുന്ന ‘സ്‌കൈലാബി’ന്റെ 1979 ജൂലൈയിലെ വീഴ്ചയാണ് ലോകത്തെ ഏറ്റവും ഭീതിയിലാക്കിയത്. ബഹിരാകാശ സഞ്ചാരികൾക്കു താമസിക്കാനായി 86 അടി നീളവും 56 അടി വീതിയും 24 അടി ഉയരവുമുള്ള  നിലയമായിരുന്നു സ്കൈ ലാബ്. 77 ടൺ ഭാരം. അമേരിക്കൻ ബഹിരാകാശ സഞ്ചാരികൾ പലതവണയായി 171 ദിവസം സ്‌കൈലാബിൽ താമസിച്ചു

ഭൂമിയിൽനിന്ന് 435 കിലോമീറ്റർ അകലെയാണ് സ്‌കൈലാബ് കറങ്ങിക്കൊണ്ടിരുന്നത്. 43,981 തവണ കറങ്ങിക്കഴിഞ്ഞപ്പോൾ താഴെവീണു. ഓസ്‌ട്രേലിയൻ തീരത്തും കടലിലുമായി വീണ സ്‌കൈലാബ് പറയത്തക്ക അപകടങ്ങളൊന്നുമുണ്ടാക്കിയില്ല. സ്‌കൈലാബ് വീണുണ്ടാകുന്ന നാശനഷ്‌ടങ്ങൾക്കു വൻതുക നഷ്‌ടപരിഹാരമായി നൽകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ശ്രീലങ്കന്‍ ഭാഗത്തെ കടലിലും ചില അവശിഷ്ടങ്ങള്‍ വീണതായി റിപ്പോർട്ടുകളുണ്ടായിരുന്നു

സ്‌കൈലാബിന്റെ ഇരട്ടി ഭാരമുള്ള റഷ്യൻ ബഹിരാകാശ നിലയമായ ‘മിർ’ ആണ് തകര്‍ന്നു വീണവയില്‍ വമ്പന്‍. 1986ൽ നിർമിച്ച മിറിൽ 15 വർഷത്തിനിടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ബഹിരാകാശ സഞ്ചാരികൾ താമസിച്ചു. 137 ടൺ ഭാരമുള്ള മിറിന് 102 അടി നീളവും 62 അടി വീതിയും 90 അടി ഉയരവുമുണ്ടായിരുന്നു. കാലാവധി കഴിഞ്ഞപ്പോള്‍ സ്ഫോടനത്തിലൂടെ മിര്‍ തകര്‍ത്തു. ആയിരത്തിലേറെ കഷണങ്ങളായി മിർ അന്തരീക്ഷത്തിൽ ചിതറിത്തെറിച്ചു. ഭൂരിഭാഗവും അവിടെത്തന്നെ എരിഞ്ഞടങ്ങി. ശേഷിച്ചവ തീഗോളമായി അന്തരീക്ഷത്തിലൂടെ സഞ്ചരിച്ചു ശാന്തസമുദ്രത്തിൽ പതിച്ചു.

മനുഷ്യനിർമിത ഉപഗ്രഹങ്ങളുടെ ഇത്തരം 20,000 അവശിഷ്‌ടങ്ങൾ ബഹിരാകാശത്തു ബാക്കിയുണ്ട്. ചെറിയ അവശിഷ്ടങ്ങള്‍ വേറെ ഓരോ ദിവസവും ഈ ഭാഗങ്ങള്‍ ഭൂമിയിലേക്കു വരുന്നുണ്ട്. എന്നാൽ അന്തരീക്ഷ വായുവുമായുള്ള ഘർഷണംമൂലം അവ കത്തിയെരിഞ്ഞുപോകും. ശേഷിക്കുന്നവ കടലില്‍ വീഴും. വലിയ കഷണങ്ങളെ ഭൂമിയിലേക്കു വരുന്ന വഴിക്കു തകര്‍ക്കാനുള്ള സംവിധാനവും ഇപ്പോഴുണ്ട്.