ഷുഹൈബ് കൊലക്കേസ്; സിപിഎം പാർട്ടി ഗ്രാമങ്ങളിൽ പൊലീസ് റെയ്ഡ്

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, പ്രതികൾക്കായി സി.പി.എം പാർട്ടി ഗ്രാമങ്ങളിൽ പൊലീസ് റെയ്ഡ്. പേരാവൂർ, ഇരിട്ടി മേഖലകളിലെ പാർട്ടി ഗ്രാമങ്ങളിലാണണ് തിരച്ചിൽ നടക്കുന്നത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ മുടക്കോഴിമലയിലും പരിശോധന നടത്തുന്നുണ്ട്.

എസ്പി ജി.ശിവവിക്രമിന്റെ നേതൃത്വത്തിൽ നാലു സിഐമാരും 30 എസ്ഐമാരുമടക്കം ഇരുന്നൂറോളം പൊലീസുകാരാണ് തിരച്ചിൽ നടത്തുന്നത്. പ്രതികളെ പറ്റി വ്യക്തമായ സൂചനകളുണ്ടെന്നു പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടുന്നതിൽ പൊലീസ് അനാസ്ഥ കാട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് കെ. സുധാകരൻ തിങ്കളാഴ്ച മുതൽ നിരാഹാരം സമരം തുടങ്ങാനിരിക്കെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. പ്രതികളെ പിടികൂടാൻ വൈകുന്നതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.

യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂർ സ്കൂൾപറമ്പത്ത് ഹൗസിൽ ഷുഹൈബ് (30) തിങ്കളാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്. പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയിൽ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയശേഷം വെട്ടുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

ഷുഹൈബിന്റെ കൊലപാതക സമയത്ത് പരോളിലുണ്ടായിരുന്ന പ്രതികളെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിന്നാലെയാണ് ഈ സാധ്യത പരിശോധിക്കുന്നത്. കൊലപാതകം ഉണ്ടായി ഒരാഴ്ചയാകാറായിട്ടും പൊലീസ് ഇരുട്ടില്‍ത്തപ്പുന്നത് കടുത്ത വിമർശനം വരുത്തിവച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിലേക്കു പോലും പ്രതിപക്ഷം വിരൽചൂണ്ടിയതിനു പിന്നാലെയാണ് പാർട്ടി ഗ്രാമങ്ങളിൽ കയറിയുള്ള പരിശോധന.

അതിനിടെ, പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് െകഎസ്‌യു മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഉപവാസ സമരം നടത്തി. സംഭവം നടന്ന് അഞ്ചു ദിവസമായിട്ടും പ്രതികളെ പിടികൂടാത്തിനെതിരെയാണ് കെഎസ്‌യുവിന്റെ പ്രതിക്ഷേധം. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ധിഖ് ഉപവാസസമരം ഉദ്ഘാടനം ചെയ്തു. പ്രതികളെ പിടികൂടുന്നതു വരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

അതേസമയം, പ്രതികളെ ഉടൻ പിടികൂടുമെന്ന നിലപാടിലാണ് അന്വേഷണ സംഘം. സിസി ടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ വിളികളുടെ വിശദാംശങ്ങളുമാണ് പരിശോധിക്കുന്നത്. പരോളിൽ ഇറങ്ങിയ പ്രതികളിൽ ആർക്കെങ്കിലും കൃത്യത്തിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഷുഹൈബ് കൊല്ലപ്പെട്ട ദിവസം ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കിർമാണി മനോജ് അടക്കമുള്ളവർ പരോളിൽ ഉണ്ടായിരുന്നത് സംശയാസ്പദമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ഷുഹൈബിന്റെ പിതാവ് മുഹമ്മദ് അവശ്യപ്പെട്ടു.

തെളിവുകളുടെ അഭാവമാണ് പൊലീസ് നേരിടുന്ന പ്രധാന പ്രതിസന്ധി. അന്വേഷണത്തിനിടെ മട്ടന്നൂരിന്റെ പരിസര പ്രദേശങ്ങളിൽ നിന്ന് ലഭിച്ച രണ്ടു വാളുകൾ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.